-->
ആലപ്പുഴ: പെരുമ്പളം ദ്വീപിലെ ജനങ്ങളുടെ ദുരിതയാത്ര മാറുകയാണ്. 12,000 മാത്രം ജനസംഖ്യയുള്ള ഒരു ചെറുദ്വീപിലേക്ക് സംസ്‌ഥാന സര്‍ക്കാര്‍ 100 കോടി രൂപ ചെലവിലുള്ള പാലം നിര്‍മാണം പൂര്‍ത്തീകരിച്ചു. മാര്‍ച്ച് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയന്‍ പാലം നാടിന് സമര്‍പ്പിക്കും.
ദ്വീപില്‍ ദുരിത ജീവിതം അനുഭവിച്ചുവന്ന ഒരുകൂട്ടം ജനങ്ങളോടുള്ള സര്‍ക്കാരിന്റെ കരുതലിന്റെ പ്രതീകമാണ് പെരുമ്പളം പാലം.വേമ്പനാട് കായലിനു കുറുകെ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്‌ട് സൊസൈറ്റിയുടെ നേതൃത്വത്തിലാണ് പെരുമ്പളം ദ്വീപ് നിവാസികളുടെ സ്വപ്‌നപദ്ധതിയായ പാലം നിര്‍മ്മിക്കുന്നത്. കരയിലെ രണ്ടു തൂണുകളടക്കം 34 തൂണുകളിലാണ് പാലം നിലയുറപ്പിക്കുന്നത്. 1157 മീറ്റര്‍ നീളവും 11 മീറ്റര്‍ വീതിയുമുള്ള പാലത്തില്‍ രണ്ടുവരി ഗതാഗതത്തിനു യോഗ്യമായ 7.5 മീറ്റര്‍ വീതിയുള്ള പാതയും ഇരുവശങ്ങളിലും 1.5 മീറ്റര്‍ വീതമുള്ള നടപ്പാതയുമുണ്ട്. ദേശീയ ജലപാത കടന്നുപോകുന്ന ദിശയായതിനാല്‍ ബാര്‍ജ്, വലിയ യാനങ്ങള്‍ എന്നിവ തടസമില്ലാതെ കടന്നുപോകുന്നതിനായി നടുവിലായി ബോസ്‌ട്രിങ് ആര്‍ച്ച് മാതൃക വരുന്ന രീതിയിലാണ് പാലത്തിന്റെ രൂപകല്‍പ്പന. വടുതല ഭാഗത്തും പെരുമ്പളം ഭാഗത്തും 300 മീറ്റര്‍ നീളത്തിലാണ് അപ്രോച്ച് റോഡുകളുടെ നിര്‍മ്മാണം.
നാലുവശവും വേമ്പനാട് കായലിനാല്‍ ചുറ്റപ്പെട്ട് രണ്ടു കിലോമീറ്റര്‍ വീതിയും അഞ്ചു കിലോമീറ്റര്‍ നീളവും ആറു ചതുരശ്ര കിലോമീറ്റര്‍ വിസ്‌തൃതിയുമുള്ള ചെറിയ പ്രദേശമാണ് പെരുമ്പളം. 12,000 വരുന്ന ജനസംഖ്യയും മൂവായിരത്തില്‍ താഴെ വീടുകളും വരുന്ന ഈ ദ്വീപിലേക്ക് കിഫ്‌ബി മുഖേന നൂറു കോടിരൂപ ചെലവിലാണ് പാലം നിര്‍മിക്കുന്നത്. 2019 ല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ടെത്തിയാണ് പാലത്തിന്റെ നിര്‍മ്മാണോദ്‌ഘാടനം നിര്‍വഹിച്ചത്. കായലിനു കുറുകെ നിര്‍മ്മിക്കുന്ന കേരളത്തിലെ ഏറ്റവും നീളമേറിയ ഈ പാലം പൂര്‍ത്തിയായതോടെ നാലുവശവും വേമ്പനാട് കായലിനാല്‍ ചുറ്റപ്പെട്ട പെരുമ്പളം നിവാസികളുടെയും മറ്റാവശ്യങ്ങള്‍ക്കായി ഇവിടെ എത്തുന്നവരുടെയും വര്‍ഷങ്ങളായുള്ള യാത്രാദുരിതത്തിനാണ് പരിഹാരമാകുന്നത്. ചേര്‍ത്തല- അരൂക്കുറ്റി റോഡില്‍ നിന്നും പെരുമ്പളം ദ്വീപ് വഴി വൈക്കം- പൂത്തോട്ട- തൃപ്പൂണിത്തുറ സംസ്‌ഥാന പാതയെ ബന്ധിപ്പിക്കുന്ന പാതയുടെ ആദ്യഘട്ടം എന്ന നിലയിലാണ് പെരുമ്പളം പാലം വിഭാവനം ചെയ്‌തിരിക്കുന്നത്.നിര്‍മ്മാണം പൂര്‍ത്തിയായ പെരുമ്പളം പാലത്തിലൂടെ ഇന്നലെ കെ.എസ്.ആര്‍.ടി.സി ട്രയല്‍ റണ്‍ നടത്തി. വടുതല ജെട്ടിയില്‍ നിന്ന് ആരംഭിച്ച ട്രയല്‍ റണ്ണില്‍ ദലീമ ജോജോ എം.എല്‍.എ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളും ഉദ്യോഗസ്‌ഥരും പങ്കെടുത്തു. പാലത്തിന്റെ ഉദ്‌ഘാടനത്തിനുശേഷം ആലപ്പുഴ, എറണാകുളം കോട്ടയം എന്നിവിടങ്ങളിലേക്ക് കെ.എസ്.ആര്‍.ടി.സി. സര്‍വീസുകള്‍ ആരംഭിക്കുന്നതിന്റെ ഭാഗമായാണ് ട്രയല്‍റണ്‍ നടത്തിയത്. ബസ് പാലത്തിനക്കരെ പാര്‍ക്ക് ചെയ്യുന്നതിനും തിരിക്കുന്നതിനുമുള്ള സൗകര്യമുണ്ടോ്യെന്ന് മനസിലാക്കുകയായിരുന്നു ട്രയല്‍ റണ്ണിന്റെ ലക്ഷ്യം. ട്രയല്‍ റണ്ണില്‍ എം.എല്‍.എയോടൊപ്പം തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ആര്‍ രജിത, പെരുമ്പളം പഞ്ചായത്ത് പ്രസിഡന്റ് സി. ആര്‍ ഗിരീഷ്, അരൂക്കുറ്റി പഞ്ചായത്ത് പ്രസിഡന്റ് ബിനിത പ്രമോദ്, സംഘാടക സമിതി അംഗങ്ങളായ എന്‍.ആര്‍ ബാബുരാജ്, ബി. വിനോദ്, കെ.ബി ബാബുരാജ് തുടങ്ങിയവര്‍ പങ്കെടുത്തു.