-->
മാവേലിക്കര: ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിലെ കുംഭഭരണി ആഘോഷങ്ങള്‍ക്ക് തുടക്കമായി. കെട്ടുകാഴ്‌ചകളുടെ നിര്‍മാണം ഇന്നലെ രാവിലെ കരകളുടെ ആസ്‌ഥാനങ്ങളില്‍ ആരംഭിച്ചു. കരനാഥന്മാര്‍ ഇന്നലെ രാവിലെ ക്ഷേത്രത്തിലെത്തി വഴിപാടുകള്‍ നടത്തിയ ശേഷം കരകളുടെ ആസ്‌ഥാനങ്ങളില്‍ തിരികെ എത്തിയാണ് കെട്ടുകാഴ്‌ചകളുടെ നിര്‍മാണം ആരംഭിച്ചത്.
ഇനി കൈയ് മെയ് മറന്നുള്ള അധ്വാനത്തിന്റെ ദിനങ്ങളാണ്. കെട്ടുകാഴ്‌ചകള്‍ ഒരുക്കാന്‍ ബാലകന്‍മാരെന്നോ വയോധികരെന്നോ ഉള്ള വ്യത്യാസമില്ലാതെ എല്ലാവരും കെട്ടുകാഴ്‌ചകള്‍ ഒരുക്കുന്നിടത്തേക്കെത്തും. ക്ഷേത്രവുമായി ബന്ധപ്പെട്ട 13 കരകളിലാണ് കെട്ടുകാഴ്‌ചകളുടെ നിര്‍മാണം നടത്തുന്നത്.
ഈരേഴതെക്ക്, ഈരേഴവടക്ക്, കൈതതെക്ക്, കൈതവടക്ക്, പേള, നടയ്‌ക്കാവ് കരകളില്‍ കെട്ടുകാഴ്‌ചയായ കുതിരകളും കണ്ണമംഗലംതെക്ക്, കണ്ണമംഗലംവടക്ക്, കടവൂര്‍, ആഞ്ഞിലിപ്രാ, മേനാമ്പള്ളി കരകളില്‍ തേരുകളും മറ്റംവടക്ക് ബകനെന്ന രാക്ഷസന് ചോറുമായി പോകുന്ന ഭീമസേന ശില്‍പവും മറ്റംതെക്ക് പാഞ്ചാലിയ്‌ക്ക് അനുഗ്രഹമേകുന്ന ഹനുമാന്റെ ദാരുശില്‍പവുമാണ് ഒരുക്കുന്നത്.
ഇന്നലെ സന്ധ്യയോടെ വഴിപാട് ഭവനങ്ങളില്‍ കുത്തിയോട്ടം ആരംഭിച്ചു. ഇന്നലെ പുലര്‍ച്ചെ കുത്തിയോട്ട ബാലകന്മാരെ ക്ഷേത്രത്തില്‍ എത്തിച്ച് വഴിപാട് നടത്തി കുത്തിയോട്ട ആശാന്മാര്‍ക്ക് കൈമാറി. വഴിപാടു വീടുകളില്‍ പ്രത്യേകം തയാറാക്കിയ മണ്ഡപത്തില്‍ ദേവിയെ പത്മമിട്ട് പീഠത്തില്‍ ആവാഹിച്ചിരുത്തി വാളും പൂജ ചെയ്‌തു.
ഗണപതി പൂജയ്‌ക്ക് ശേഷം 12 നിലവിളക്ക് സ്‌ഥാപിച്ചു. നിലവിളക്ക് കൊളുത്തി കുത്തിയോട്ട ആശാന്‍മാര്‍ കുട്ടികളെ ആരതി ഉഴിഞ്ഞ് മാലയിട്ട് കുത്തിയോട്ടക്കളത്തിലേക്ക് ആനയിച്ചു.
തുടര്‍ന്നാണ് കുത്തിയോട്ടപ്പാട്ടും ചുവടും ആരംഭിച്ചത്. ഇതോടൊപ്പം കുട്ടികളെയും ചുവടു പരിശീലിപ്പിച്ചു. ദേവീസ്‌തുതികളും ദേവീ മാഹാത്മ്യം കഥയുമാണ് ആദ്യം പാടിയത്. നരബലിയ്‌ക്ക് തുല്യമായ ആചാരമായാണ് കുത്തിയോട്ടത്തെ കാണുന്നത്. എട്ടു വയസിന് താഴെയുള്ള കുട്ടികളെയാണ് അനുഷ്‌ഠാനത്തിനായി തെരഞ്ഞെടുക്കുന്നത്.
ശിവരാത്രി നാളില്‍ ആരംഭിക്കുന്ന കുത്തിയോട്ടങ്ങള്‍ രേവതി നാളിലെ പൊലിവ് ചടങ്ങുകള്‍ക്കു ശേഷം അശ്വതിനാള്‍ വിശ്രമദിനമാണ്. ഭരണിനാളില്‍ പുലര്‍ച്ചെ കുട്ടികളെ കുളിപ്പിച്ച് ബന്ധുജനങ്ങള്‍ക്കും ഗുനാഥന്മാര്‍ക്കും ദക്ഷിണ നല്‍കി, മുഖത്ത് ചുട്ടി കുത്തി, കൈകളില്‍ കാപ്പണിയിച്ച്, കഴുത്തില്‍ മണിമാലകള്‍ അണിയിച്ച്, വാഴയില വാട്ടിയുടിപ്പിച്ച്, കിന്നരിത്തൊപ്പികള്‍ അണിയിച്ച്, കയ്യില്‍ അടയ്‌ക്ക കുത്തിയ കത്തിയുമായി കുത്തിയോട്ടപ്പാട്ടിന്റെയും താലപ്പൊലികളുടെയും വായ്‌ക്കുരവകളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ അമ്മയുടെ തിരുമുന്‍പിലേക്ക് സ്വീകരിക്കും. തിരുമുന്‍പിലെത്തി ദര്‍ശനം നടത്തിയ ശേഷം കുട്ടികളെ സ്‌നാനം ചെയ്യിപ്പിച്ച് വീട്ടുകാര്‍ക്കു കൈമാറുന്നതോടുകൂടി കുത്തിയോട്ട വഴിപാടിനു സമാപനം കുറിക്കും. ക്ഷേത്രവുമായി ബന്ധപ്പെട്ട കരകളിലും പുറത്തുമായി 15 കുത്തിയോട്ടങ്ങളാണ് ഇത്തവണയുള്ളത്.