-->
ആലപ്പുഴ: തദ്ദേശസ്വയംഭരണ സ്‌ഥാപനങ്ങളെയും അവയുടെ അവകാശങ്ങളെയും സംസ്‌ഥാന സര്‍ക്കാര്‍ ക്ഷയിപ്പിക്കുകയാണെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി. ബല്‍റാം. തദ്ദേശസ്‌ഥാപനങ്ങളുടെ പദ്ധതിവിഹിതം ഉള്‍പ്പടെയുള്ള ഫണ്ട് വെട്ടിക്കുറച്ച് അവയുടെ പ്രവര്‍ത്തനത്തില്‍ പ്രതിസന്ധി സൃഷ്‌ടിക്കുകയാണ് സര്‍ക്കാര്‍. അവകാശങ്ങളെ ഇല്ലാതാക്കുന്ന പക്ഷമായി ഇടതുപക്ഷം മാറി.
അതുകൊണ്ട് ഇടതുപക്ഷം എന്ന പേരിന് അര്‍ഹതയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേരളാ ലോക്കല്‍ സെല്‍ഫ് ഗവണ്‍മെന്റ് സ്‌റ്റാഫ് അസോസിയേഷന്‍ (കെ.എല്‍.ജി.എസ്.എ) സംസ്‌ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള പ്രതിനിധി സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നരേന്ദ്രമോദിയുടെ രാഷ്‌ട്രീയമാണ് സി.പി.എം പിന്തുടരുന്നത്. സംസ്‌ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ജീവനക്കാര്‍ക്ക് അനുകൂലമായിട്ടുള്ള യാതൊരുവിധ നടപടികളുമുണ്ടാകുന്നില്ല. ജീവനക്കാര്‍ക്ക് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള വഞ്ചനയുടെ ചരിത്രമാണ് പറയാനുള്ളത്.
തൊഴിലാളികളുടെ അവകാശങ്ങളെക്കുറിച്ച് സംസാരിച്ചിരുന്നവര്‍ അവകാശങ്ങള്‍ നിഷേധിക്കുകയാണ്. സര്‍ക്കാര്‍ നല്‍കുന്ന പെന്‍ഷന്‍ ഉള്‍പ്പടെയുള്ള ഉറപ്പുകള്‍ ഔദാര്യങ്ങളിലേക്ക് മാറി. യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ തദ്ദേശസ്‌ഥാപനങ്ങളുടെ ഗ്രാന്റ് മുടക്കമില്ലാതെ നല്‍കും. വര്‍ഷാവര്‍ഷം പത്തുശതമാനം ഗ്രാന്റ് വര്‍ധിപ്പിക്കുമെന്നും അദ്ദേഹം വ്യക്‌തമാക്കി. ഒരുസമുദായത്തെ പ്രത്യേകമായി പേരെടുത്ത് പറഞ്ഞ് മന്ത്രി സജി ചെറിയാനും എ.കെ.ബാലനും കേരളത്തില്‍ വര്‍ഗീയത പടര്‍ത്തുകയാണ്. അയ്യപ്പന്റെ സ്വര്‍ണം കട്ടത് ആരാണെന്ന് ചോദിച്ചാല്‍ കേരളം ഒരേസ്വരത്തില്‍ പറയും സഖാക്കളാണെന്ന്. എന്നിട്ടും സോണിയഗാന്ധിക്കെതിരെയുള്ള വിമര്‍ശനം മര്യാദകേടിന്റെ അങ്ങേയറ്റമാണെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് രാഷ്‌ട്രീയകാര്യ സമിതിയംഗം ഷാനിമോള്‍ ഉസ്‌മാന്‍ മുഖ്യപ്രഭാഷണം നടത്തി. കെ.എല്‍.ജി.എസ്.എ സംസ്‌ഥാന പ്രസിഡന്റ് എന്‍.എ.ജയകുമാര്‍ അധ്യക്ഷനായി. കെ.പി.സി.സി.വൈസ് പ്രസിഡന്റ് എ.എ.ഷുക്കൂര്‍, കെ.എല്‍.ജി.എസ്.എ. സംസ്‌ഥാന ജനറല്‍ സെക്രട്ടറി ഒ.വി.ജയരാജ്, കെ.എല്‍.ജി.എസ്.എ. സംസ്‌ഥാന ട്രഷറര്‍ പി.മണിപ്രസാദ്, വൈസ് പ്രസിഡന്റ് വി.പ്രേമരാജന്‍, ആലപ്പുഴ നഗരസഭാധ്യക്ഷ മോളി ജേക്കബ്, കെ.എല്‍.ജി.എസ്.എ. സംസ്‌ഥാന സെക്രട്ടറി സി.ജയകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. സമാപന സമ്മേളനം ഇന്ന് ഉച്ചയ്‌ക്ക് കെ.പി.സി.സി.വൈസ് പ്രസിഡന്റ് ഡി.സുഗതന്‍ ഉദ്‌ഘാടനം ചെയ്യും. കെ.എല്‍.ജി.എസ്.എ. സംസ്‌ഥാന സെക്രട്ടറി എം.മനോജ് അധ്യക്ഷനാകും. തുടര്‍ന്ന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കും.