-->
ആലപ്പുഴ: ആലപ്പുഴ നഗരത്തില്‍ കൊതുകുശല്യം രൂക്ഷമായി. ജനജീവിതം ദുസഹം. വിദേശ വിനോദസഞ്ചാരികള്‍ അടക്കം ധാരാളമായി എത്തുന്ന സീസണില്‍ കൊതുകകള്‍ എല്ലാവര്‍ക്കും ബുദ്ധിമുട്ടായിരിക്കുകയാണ്. പകര്‍ച്ചവ്യാധി ഭീഷണികള്‍ പൊട്ടിപ്പുറപ്പെടുന്ന സാഹചര്യങ്ങളില്‍ മാത്രമാണ് കൊതുകുശല്യം പരിഹരിക്കാന്‍ പേരിന് നടപടികള്‍ സ്വീകരിക്കുന്നതെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്.
നഗരത്തിലെ കാനകളിലെയും തോടുകളിലെയും നീരൊഴുക്ക് തടസപ്പെട്ടതും മാലിന്യങ്ങള്‍ കെട്ടിക്കിടക്കുന്നതുമാണ് കൊതുകുകള്‍ വര്‍ധിക്കാന്‍ പ്രധാന കാരണം. തത്തംപള്ളി ഉള്‍പ്പടെയുള്ള പ്രദേശങ്ങളില്‍ വൈകുന്നേരങ്ങളില്‍ വീടിന് പുറത്തിറ ങ്ങാന്‍ പോലും കഴിയാത്ത അവസ്‌ഥയാണുള്ളത്. കാനകളില്‍ അടിഞ്ഞുകൂടിയിരിക്കുന്ന പ്ലാസ്‌റ്റിക് മാലിന്യങ്ങളും ചെളിയും നീക്കംചെയ്‌ത് വെള്ളം സുഗമമായി ഒഴുകിപ്പോകാന്‍ സൗകര്യമൊരുക്കണമെന്നാണ് നാട്ടുകാരുടെ പ്രധാന ആവശ്യം.
കൊതുകു സാന്ദ്രത കൂടുതലുള്ള വാര്‍ഡുകളില്‍ തുടര്‍ച്ചയായി ഫോഗിങ്ങും ഉറവിട നശീകരണത്തിനുള്ള മരുന്നടിക്കലും കാര്യക്ഷമമാക്കണം. കൊതുകു നിര്‍മാര്‍ജന സ്‌പ്രേയിംഗും ഫോഗിങും പലദിവസങ്ങളിലായി ചിലയിടങ്ങളില്‍ മാത്രം നടത്താതെ ഒറ്റദിവസം വാര്‍ഡുകളെ ക്ലസ്‌റ്ററാക്കി ഇടയ്‌ക്കിടെ നടത്തണം. ആവശ്യമായ അനുപാതത്തിലാണോ മരുന്നുകള്‍ ചേര്‍ക്കുന്നതും തളിക്കുന്നതും എന്നുള്ളത് ഉറപ്പുവരുത്തണം. പൊതുസ്‌ഥലങ്ങളിലും ഒഴിഞ്ഞ പറമ്പുകളിലും മാലിന്യം തള്ളുന്നത് കര്‍ശനമായി തടയണം. വികേന്ദ്രീകൃത മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ കൂടുതല്‍ ശക്‌തമാക്കണം. കൊതുകുശല്യം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ നഗരസഭയും ആരോഗ്യവകുപ്പും അടിയന്തരമായി ഇടപെടണമെന്ന് തത്തംപള്ളി റസിഡന്റ്‌സ് അസോസിയേഷന്‍ (ടി.ആര്‍.എ) പ്രസിഡന്റ് തോമസ് മത്തായി കരിക്കംപള്ളില്‍ ആവശ്യപ്പെട്ടു. വീടുകളിലും സ്‌ഥാപനങ്ങളിലും വെള്ളം കെട്ടിക്കിടന്നു കൊതുക് മുട്ടയിട്ടു പെരുകുന്ന സാഹചര്യം ഒഴിവാക്കാന്‍ റസിഡന്റ്‌സ് അസോസിയേഷനുകളുടെ സഹകരണത്തോടെ ബോധവല്‍ക്കരണം ഊര്‍ജിതമാക്കണമെന്നും ടി.ആര്‍.എ ആവശ്യപ്പെട്ടു.