-->
മികച്ച സൈക്കോളജിക്കൽ ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറെന്ന പ്രശംസ നേടുകയാണ് ജിയോ ഹോട്ട്‌സ്റ്റാറിലൂടെ പുറത്തിറങ്ങിയ ‘സീക്രട്ട് സ്റ്റോറീസ് റോസ്ലിൻ’ എന്ന വെബ് സീരീസ്. അനാവശ്യമായ ബഹളങ്ങളോ ജമ്പ് സ്‌കെയറുകളോ ഇല്ലാതെ, പ്രേക്ഷകരുടെ ഉള്ളിൽ ഭയവും ആകാംക്ഷയും നിറയ്ക്കുന്ന രീതിയില്‍, ഒരു പെൺകുട്ടിയുടെ ഭയത്തെയും അവളുടെ ചുറ്റുമുള്ള അജ്ഞാത സാന്നിധ്യത്തെയുമാണ് ഇതില്‍ ദൃശ്യവത്കരിച്ചിരിക്കുന്നത്. തികച്ചും റിയലിസ്റ്റിക് ആയ സമീപനമാണ് ഈ സീരീസിന്റെ പ്രത്യേകത.
വിനായക് ശശികുമാര്‍ തിരക്കഥയെഴുതി സുമേഷ് നന്ദകുമാർ സംവിധാനം ചെയ്ത ‘റോസ്ലിന്‍’ പതിനെട്ടാം വയസ്സിലേക്ക് കാലെടുത്തുവയ്ക്കാൻ ഒരുങ്ങുന്ന റോസ്ലിന്‍ എന്ന പെൺകുട്ടിയുടെ പെൺകുട്ടിയുടെ ജീവിതത്തിലെ മാനസിക സംഘർഷങ്ങളും ആ സഞ്ചാരത്തിനിടയിലുള്ള ഉദ്വേഗഭരിതമായ നിമിഷങ്ങളുമടങ്ങിയ സീരീസിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ടൈറ്റില്‍ റോളില്‍ മൂത്തോൻ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയമായ സഞ്ജന ദീപുവും ഒപ്പം വിനീത്, മീന തുടങ്ങിയവരും സീരീസില്‍ പ്രധാനവേഷത്തിലുണ്ട്. നിഗൂഢത നിറഞ്ഞ കഥാപാത്രമായി ഹക്കിം ഷായും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു.
ഇപ്പോഴിതാ ഈ സീരീസിനെ കുറിച്ച് വിനീത് പറഞ്ഞ കാര്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. ഈ സീരീസ് മറ്റൊരു മലയാള സിനിമയെ ഓർമിപ്പിക്കുമെന്നും ലൊക്കേഷൻ, ജോഗ്രഫി, വീടിന്റെ മുമ്പിലുള്ള ഊഞ്ഞാൽ എല്ലാം മലയാളത്തിലെ മറ്റൊരു സിനിമയിലേക്ക് കൊണ്ടുപോകുമെന്നും വിനീത് പറയുന്നു.
‘‘റോസ്ലിൻ ശരിക്കും നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകളെ ഓർമിപ്പിക്കും. അതിലെ സോളമന്റെ വീടില്ലേ, അതിന്റെ വേറൊരു റെപ്ലിക്കയാണിത്. ഞാനത് ലൊക്കേഷനില്‍ വച്ചു തന്നെ ഇവരോട് പറഞ്ഞിട്ടുണ്ട്. അതിന്റെ ലൊക്കേഷൻ, ജോഗ്രഫി, വീടിന്റെ മുമ്പിലുള്ള ഊഞ്ഞാൽ ഇതെല്ലാം നമ്മളെ, നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകളെന്ന സിനിമയിലേക്ക് കൊണ്ട് പോകും. അതുപോലെ സോളമനും ആന്റണിയും സൈക്കിളോടിക്കുന്ന സ്ഥലവും, ആ മുമ്പിലായിട്ടുള്ള കവാടവും, സോഫിയ റീത്താമ്മയെ കാണാന്‍ വരുന്ന സ്ഥലം, ആന്റണിയുടെ മുറിയിലേക്ക് സോളമൻ നോക്കുന്നത്... ആ വീടിനും ചുറ്റുപാടിനും അതേ സ്ട്രക്ച്ചറാണ്.
സഞ്ജനയുമായി വീടിന് പുറത്ത് കുറേയധികം കോമ്പിനേഷൻ സീനുകളുണ്ടായിരുന്നു. അപ്പോൾ എനിക്ക് ആ സിനിമയുടെ സെറ്റും അതിലെ കഥാപാത്രങ്ങളെയുമെല്ലാം ഓർമ വന്നു. ചില സീക്വൻസുകൾ, ചില കോമ്പിനേഷൻ ഒക്കെ ചെയ്യുമ്പോൾ എനിക്ക് ഇവരെല്ലാവരെയും ഓർമ്മ വരുമായിരുന്നു. ലാലേട്ടനെയും ശാരിയെയും കവിയൂർ പൊന്നമ്മചേച്ചിയെയുമൊക്കെ ഓർമ വരുമായിരുന്നു. അതിലെ പൊന്നമ്മ ചേച്ചിയുടെ അമ്മ വേഷമൊക്കെ എക്കാലത്തെയും മികച്ച പ്രകടനമാണ്. എനിക്ക് ഭയങ്കര നൊസ്റ്റാൾജിക് ആയിട്ട് തോന്നിയിട്ടുണ്ട്...ഞാനത് സുമേഷിനോട് പറയുകയും ചെയ്തിരുന്നു...’’ വിനീത് പറഞ്ഞു. റോസ്ലിന്റെ അച്ഛന്‍ കഥാപാത്രമായ ജോണ്‍ ആയിട്ടാണ് വിനീത് വെബ സീരീസിലെത്തുന്നത്. വിനീതിന്റെ നാച്വറല്‍ ആക്ടിംഗിന് വീണ്ടുമൊരുപടി കൂടി ഉയര്‍ത്തുകയാണ് ഇതിലെ അച്ഛന്‍ കഥാപാത്രം.