Thursday, March 12, 2026 Last Updated 24 Min 47 Sec ago English Edition
Todays E paper
Ads by Google
Saturday 21 Feb 2026 11.43 AM

‘എന്ത് തെറ്റ് ചെയ്തിട്ട് ഇങ്ങനെ വന്നു? ആരെയെങ്കി​ലും ​ദ്രോഹിച്ചോ എന്നൊക്കെ തോന്നി; മടക്കിക്കൊണ്ടുവന്നത് ലതാജിയുടെ കോളും, രാജാസാറും, രഞ്ജിനിയും റൗഫയുമൊക്കെയാണ്...’ കെ.എസ്.ചിത്ര

മലയാളത്തിന്റെ വാനമ്പാടി കെ.എസ്.ചിത്രയുടെ ജീവിതത്തിലെ ഏറ്റവും വലിയ വിങ്ങലും നൊമ്പരവും മകള്‍ നന്ദനയുടെ അകാലത്തിലുള്ള വേര്‍പാടാണ്. ഇപ്പോഴിതാ ആ ദുരന്തത്തിനു ശേഷം താന്‍ മടങ്ങിവന്നതിനെക്കുറിച്ച് പറയുകയാണ് ചിത്ര.
 K.S. Chitra , K S chithra about her daughter nandana
K S Chithra about her daughter nandhan's loss (Image Source: Youtube)

മലയാളികളുടെ വാനമ്പാടിയായ എസ് ചിത്ര എന്ന് കേട്ടാല്‍ പ്രായഭേദമന്യേ നിരവധി ആരാധകരാണ് ലോകമെമ്പാടും ഉള്ളത്. എപ്പോഴും പുഞ്ചിരി്ച്ച മുഖവുമായെത്തുന്ന ഗായികയാണ് ചിരിക്കുന്ന മുഖമാണ് ഓര്‍മ്മ വരുന്നത്. ചിത്രയുടെ ചിരി കണ്ടാല്‍ തന്നെ മനസും നിറയും. മുഖത്ത് ഒരു ചെറുചിരി പോലും ഇല്ലാത്ത മലയാളത്തിന്റെ പ്രിയ ഗായികയുടെ ചിത്രങ്ങള്‍ കണ്ടുപിടിക്കണമെങ്കില്‍ ഇത്തിരി കഷ്ടപ്പെടണം.
തന്റെ മുഖത്ത് വിരിയുന്ന ചിരിയിലും ചിത്ര മനസ്സിലൊളിപ്പിച്ചു വയ്ക്കുന്ന ഒരു വിങ്ങലുണ്ട്. വർഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ചിത്രയ്ക്കും ഭർത്താവ് വിജയ ശങ്കറിനും കിട്ടിയ മകള്‍ നന്ദനയുടെ അകാലത്തിലുള്ള വേര്‍പാടാണത്. ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷമായിരുന്ന മകള്‍ 2011 ഏപ്രില്‍ 14ന് ദുബായിലെ വില്ലയില്‍ നീന്തല്‍കുളത്തില്‍ വീണ് മരണപ്പെട്ടത് ഇന്നും ചിത്രയ്ക്ക് ഒരു തീരാനോവാണ്. സ്വര്‍ഗത്തിലെ കുഞ്ഞുമാലാഖയെന്നാണ് ചിത്ര മകളെക്കുറിച്ച്‌ എന്നും പറഞ്ഞിട്ടുള്ളത്. ആ നൊമ്പരത്തില്‍ നിന്ന് കരകയറാന്‍ ചിത്രയ്ക്ക് ഒരുപാട് സമയം വേണ്ടിവന്നു. മകളുടെ വിയോഗത്തിന് ശേഷം സംഗീതലോകത്തു നിന്നും വിട്ടു നിന്ന ചിത്രയെ തിരികെ കൊണ്ടു വരുന്നതില്‍ പ്രധാന പങ്കുവഹിച്ചത് ലതാ മങ്കേഷ്‌കറും ഇളയരാജയുമായിരുന്നു.
ഇപ്പോഴിതാ മകള്‍ നഷ്ടപ്പെട്ട ശേഷം സംഗീതത്തിലേക്കുള്ള തന്റെ തിരിച്ചുവരവിനെക്കുറിച്ച്‌ പറയുകയാണ് ചിത്ര. തിരികെ വരുന്നില്ലെന്ന് കരുതിയിരുന്ന തന്നെ തേടി വന്ന ലതാ മങ്കേഷ്‌കറിന്റെ കോളിനെക്കുറിച്ചും പിന്നീട് സ്റ്റേജ് പരിപാടിയ്ക്കായി ഇളയരാജ വിളിച്ചതുമെല്ലാം ചിത്ര പറയുന്നു. തിരികെ കൊണ്ടുവരുന്നതില്‍ രഞ്ജിനി ഹരിദാസും വിജയ് ടിവിയിലെ റൗഫയുമൊക്കെ ഒരുപാട് പങ്കുവഹിച്ചിട്ടുണ്ടെന്നും ചിത്ര പറയുന്നു.
‘‘എന്നെ തിരിച്ചു കൊണ്ടു വരാനായി ഏറ്റവും കൂടുതല്‍ കഷ്ടപ്പെട്ടവര്‍ രഞ്ജിനി ഹരിദാസും വിജയ് ടിവിയിലെ റൗഫയുമൊക്കെയായിരുന്നു. ഞാന്‍ വന്നാലേ ഷൂട്ട് തുടങ്ങുവെന്നായിരുന്നു അവര്‍ പറഞ്ഞിരുന്നത്. ഏഷ്യാനെറ്റ് എല്ലാ മാസവും രഞ്ജിനിയെ എന്റെ അരികിലേക്ക് വിടുമായിരുന്നു എന്നെ പറഞ്ഞ് കണ്‍വിന്‍സ് ചെയ്ത് തിരികെ കൊണ്ടു വരാന്‍. എനിക്ക് അപ്പോഴൊന്നും തിരികെ വരണം എന്നുണ്ടായിരുന്നില്ല. ആ സമയത്താണ് ലതാജിയുടെ പേരിലുള്ള അവാര്‍ഡിന് എന്നെ തെരഞ്ഞെടുക്കുന്നത്. ഹൈദരാബാദില്‍ വച്ചായിരുന്നു. ഞാന്‍ പോകാനുള്ള മാനസികാവസ്ഥയിലായിരുന്നില്ല. അങ്ങനെയിരിക്കുമ്പോഴാണ് ലതാ ജി വിളിക്കുന്നതും നീ തീര്‍ച്ചയായും പോകണം, ഞാനും വരും എന്ന്.
പക്ഷെ അന്നും പാടിയില്ല. കുറച്ചുനാളത്തേക്ക് പാടിയില്ല. വലിയൊരു ഇടവേളയ്ക്ക് ശേഷമാണ് പിന്നീട് പാടിയത്. ചെന്നൈയില്‍ രാജ സാറിന്റെ പരിപാടിയിലാണ് പാടിയത്. റെക്കോര്‍ഡിങിന് പോകുന്ന സമയം, വീട്ടില്‍ നിന്നും ഇറക്കി സ്റ്റുഡിയില്‍ കൊണ്ടു പോകുന്നത് വരെ എന്റെ ചേച്ചി ബീനചേച്ചിയും വിജയന്‍ ചേട്ടന്റെ സഹോദരി രാജിയും വീട്ടില്‍ തന്നെയായിരുന്നു. ഞാന്‍ തിരികെ സ്റ്റുഡിയോയില്‍ പോയതിന് ശേഷമേ അവര്‍ പോയുള്ളൂ. അതുവരെ എന്റെ കൂടെ നിന്നു. മൂന്ന്-നാല് മാസം എന്റെ കൂടെ തന്നെയായിരുന്നു.
രാജാ സാര്‍ റിഹേഴ്‌സലിന് വരാന്‍ പറഞ്ഞിരുന്നു. എനിക്ക് വരാന്‍ പറ്റില്ലെന്നും ഒരു വര്‍ഷത്തേക്കെങ്കിലും വീട്ടില്‍ ഇരുന്നോട്ടെ എന്ന് ഞാന്‍ പറഞ്ഞു. നീ വന്നില്ലെങ്കില്‍ പരിപാടി ക്യാന്‍സല്‍ ആക്കുമെന്ന് അദ്ദേഹം പറഞ്ഞു. എന്നെ കൊണ്ടുവരാന്‍ പറഞ്ഞതായാരിക്കാം. പക്ഷെ അങ്ങനെ പറഞ്ഞു. രാജാ സാറിന്റെ ഭാര്യ മരിച്ചിട്ട് മൂന്ന് മാസമേ ആയിരുന്നുള്ളൂ. നന്ദനയുടേത് ആറ് മാസം കഴിഞ്ഞിരുന്നു. എന്റെ കൂടെ 30 ലധികം വര്‍ഷം ജീവിച്ചയാള്‍ പോയി. എന്നിട്ടും ഞാന്‍ പരിപാടിയ്ക്ക് വന്നില്ലേ. നീ അങ്ങനെ വിചാരിക്കരുത്, നീ വന്നേ പറ്റൂവെന്ന് പറഞ്ഞു.
വീട്ടില്‍ നിന്നും എല്ലാവരും പലരുടേയും കഥകള്‍ പറഞ്ഞു. മൂഡിയായി ഇരുന്നാല്‍ കൂടെയുള്ളവരുടെ ജീവിതം കൂടെ ദുരിതമാവുകയേയുള്ളൂ. നഷ്ടപ്പെട്ടത് തിരികെ കിട്ടാന്‍ പോകുന്നില്ലെന്ന് പറഞ്ഞു. അതൊരു തിരിച്ചറിവായിരുന്നു. ഞാനും ആലോചിച്ചു. എന്നെ ആശ്രയിച്ച്‌ കുറേപ്പേര്‍ ജീവിക്കുന്നുണ്ട്. ഞാന്‍ തളര്‍ന്നു പോയാല്‍ അവരുടെ ജീവിതവും ബുദ്ധിമുട്ടിലാകും...
നമ്മുടെ ജീവിതത്തില്‍ നമ്മള്‍ പലതും സ്വപ്നം കണ്ടു വച്ചിട്ടുണ്ടാകും. നാളെ ഇതു ചെയ്യണം, അതു ചെയ്യണം എന്നൊ​ക്കെ പ്ലാന്‍ ചെയ്തു വയ്ക്കും. ഒരു നിമിഷം മതി ഇതൊക്കെ മാറി മറിയാന്‍. ദൈവത്തിന്റെ തീരുമാനമാണ് ഫൈനല്‍, അതേ നടക്കൂ. മോള്‍ പോയ ശേഷം ഞാന്‍ ജീവിതത്തില്‍ പ്ലാന്‍ ചെയ്യുന്നത് നിര്‍ത്തി. എന്തു വരുന്നോ അത് ​ഫെയ്സ് ചെയ്യുക എന്നൊരു തീരുമാനത്തിലെത്തി. പിന്നത്തേക്ക് എന്നു വയ്ക്കുന്നതിലോ സ്വപ്നം കണ്ടിട്ടോ കാര്യമില്ല. മര്യാദയ്ക്ക് ജീവിച്ചു തീര്‍ക്കൂ.
ദൈവം എന്ന വിശ്വാസത്തെ പോലും ആദ്യമിത് ബാധിച്ചിരുന്നു. നമ്മളെന്ത് തെറ്റു ചെയ്തിട്ടാണ് എനിക്കിങ്ങനെ വന്നത്, ഇങ്ങനെയൊക്കെ ഉണ്ടാകാന്‍ ഞാന്‍ ആരെയെങ്കിലും ദ്രോഹിച്ചോ ? ഞാന്‍ റിയാലിറ്റി ഷോയില്‍ കുട്ടികള്‍ കാണിച്ച തെറ്റിനെക്കുറിച്ച് പറഞ്ഞത് അവര്‍ക്ക് ഹാര്‍ട്ട് ചെയ്തോ ? അവരുടെ ശാപമായിരിക്കുമോ ? അങ്ങനെ പലതും ആ സമയത്ത് നമ്മള്‍ ചിന്തിക്കും. ചിന്തകള്‍ കാടു കയറി പോകും. ആ സമയത്ത് നമ്മളെ നേര്‍വഴിക്ക് നയിക്കാനായി ചില മെസഞ്ചേഴ്സ് വരും. അതുവരെ നമുക്ക് ഒരു ഷോക്ക് വരുമ്പോള്‍ ‘ഞാന്‍ വിളക്കു കത്തിച്ച് ഇത്രയും പ്രാര്‍ത്ഥിച്ചിട്ട് എന്താണ് ഇങ്ങനെ വരുന്നത്?’ എന്ന് ചിന്തിക്കും. പിന്നെ എനിക്ക് മനസ്സിലായി നമുക്ക് എന്താണോ എഴുതി വച്ചിരിക്കുന്നത് അത് എന്തായാലും നടക്കും. അതില്‍ നിന്ന് നമ്മളെ പുറത്തു കൊണ്ടുവരാനായിട്ട് ചില മെസഞ്ചേഴ്സിനെ തരും.
ഏതു ഭഗവാനെ വിളിച്ചാലും പരീക്ഷണങ്ങള്‍ ഉണ്ടാകും. അതിനെ ഓവര്‍​കം ചെയ്യാനുള്ള ഒരു ശക്തി തരുക എന്നുള്ളതാണ് ദൈവം ചെയ്യുന്നത്. നമ്മള്‍ ജനിക്കുമ്പോള്‍ തന്നെ ഇന്നതൊക്കെ അനുഭവിച്ചിട്ടു വേണം ഭൂമിയില്‍ നിന്ന് തിരിച്ചുവരാനെന്ന് എഴുതി വച്ചിട്ടുണ്ട്. അതാണ് നമ്മുടെ വിശ്വാസം. വരുന്നതില്‍ നിന്ന് പുറത്തു കടക്കാനുള്ള വഴി ആരെങ്കിലും വഴിയോ ആരുടെയെങ്കിലും ​മെസേജ് വഴിയോ ദൈവം അയച്ചു തരും. അത് ശരിയായ സെന്‍സില്‍ എടുക്കാനുള്ള ബുദ്ധി നമുക്ക് ദൈവം തരുന്നതാണ് ഈശ്വരാനുഗ്രഹം എന്ന് പറയുന്നത്....’’ കെ.എസ്.ചിത്ര പറഞ്ഞു. ഐ ആം വിത്ത് ധന്യ വര്‍മയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ചിത്ര മനസ്സ് തുറന്നത്.

2002 ഡിസംബറിലാണ് വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ കെ എസ് ചിത്രയ്ക്കും ഭർത്താവ് വിജയ ശങ്കറിനും മകള്‍ പിറന്നത്. സത്യസായി ബാബയുടെ ഭക്ത കൂടിയായ ചിത്രയുടെ മകള്‍ക്ക് നന്ദന എന്ന് പേരിട്ടത് സായിബാബയാണെന്ന് ചിത്ര മുമ്പ് പറഞ്ഞിട്ടുണ്ട്. 2011 ഏപ്രില്‍ 14 ന് ദുബായിലെ വില്ലയില്‍ നീന്തല്‍കുളത്തില്‍ വീണ് മരണപ്പെടുകയായിരുന്നു നന്ദന.
സ്‌പെഷ്യല്‍ ചൈല്‍ഡ് ആയ നന്ദന മരണപ്പെട്ടത് വലിയ വേദനയാണ് ചിത്രയ്ക്കും കുടുംബത്തിനും നല്‍കിയത്. എ ആർ റഹ്മാന്റെ സംഗീത നിശയില്‍ പങ്കെടുക്കാൻ മകളോടൊപ്പം എത്തിയതായിരുന്നു ചിത്ര. സംഗീത നിശയുടെ റിഹേഴ്‌സലിന് പോകാനൊരുങ്ങുന്നതിനിടെയാണ് അപ്രതീക്ഷിതമായി ദുരന്തമുണ്ടായത്. കുട്ടിയെ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും നന്ദനയുടെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. നീന്തല്‍കുളത്തില്‍ വീണ് മരിക്കുമ്പോള്‍ നന്ദനയ്ക്ക് ഒൻപത് വയസുമാത്രമായിരുന്നു പ്രായം.

Ads by Google
Ads by Google
LATEST NEWS
TRENDING NOW