Thursday, March 12, 2026 Last Updated 51 Min 19 Sec ago English Edition
Todays E paper
Ads by Google
Tuesday 10 Feb 2026 04.05 PM

‘വേദനയുണ്ടായിരുന്നിട്ടും ആ കണ്ണുകളിൽ തോൽവിയുടെ നിഴൽ കണ്ടിട്ടില്ല; ശ്വാസമുള്ള കാലത്തോളം ജയശ്രീ എന്ന ശിഷ്യ അഭിമാനമായിരിക്കും...’ അകാലത്തിൽ പൊലിഞ്ഞ ശിഷ്യയെപ്പറ്റി ആശ ശരത്

നടിയും നര്‍ത്തകിയുമായ ആശ ശരതിന് തന്റെ ശിഷ്യരുമായി വലിയൊരു ആത്മബന്ധമാണുള്ളത്. ഇപ്പോഴിതാ അകാലത്തില്‍ തങ്ങളെ വേര്‍പെട്ടു പോയ ജയശ്രീ എന്ന ശിഷ്യയെക്കുറിച്ച് വൈകാരികമായി കുറിച്ചിരിക്കുകയാണ് ആശ ശരത്.
Asha Sarath, Asha Sarath emotional note about her student Jayasree
Asha Sharath about her student jayasree (Image Source: Instagram)

മലയാള സിനിമാപ്രേക്ഷകര്‍ക്ക് ഏറെ പ്രി​യപ്പെട്ട അഭിനേത്രിയും നര്‍ത്തകിയുമാണ് ആശ ശരത്. ‘കുങ്കുമപ്പൂവ്’ എന്ന സീരിയലിലെ പ്രൊഫസർ ജയന്തി എന്ന കഥാപാത്രത്തിലൂടെയാണ് ആശ ശരത് മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയത്. പിന്നീട് കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ ആശ ശരത് ബിഗ് സ്ക്രീനില്‍ തന്റേതായ ഇടം നേടിയെടുത്തു.
സിനിമാതിരക്കുകള്‍ക്കിടയിലും നര്‍ത്തകി എന്ന തന്റെ പാഷന്‍ താരം ഉപേക്ഷിച്ചില്ല. അമ്മ കലാമണ്ഡലം സുമതി ടീച്ചറില്‍ നിന്ന് നൃത്തം അഭ്യസിച്ച ആശ ശരത് ​കൈരളി കലാകേന്ദ്രം എന്ന നൃത്തവിദ്യാലയം നടത്തുന്നുണ്ട്. തന്റെ ശിഷ്യരുമായി വലിയൊരു ആത്മബന്ധം തന്നെയുണ്ട് താരത്തിന്.
ഇപ്പോഴിതാ അകാലത്തിൽ ജീവിതത്തോട് വിടപറഞ്ഞ തന്റെ ശിഷ്യയെ ഓർത്ത് കുറിപ്പ് പങ്കിടുകയാണ് ആശ ശരത്. കാൻസർ ബാധിതയായിരുന്ന ജയശ്രീ എന്ന ശിഷ്യയെക്കുറിച്ചാണ് താരത്തിന്റെ വൈകാരികമായ കുറിപ്പ്. കാൻസറിന്റെ വേേദനകൾക്കിടയിൽ ഒരു വനിതാദിനത്തിലാണ് ജയശ്രീ തന്റെ ശിഷ്യയായതെന്നും സ്ത്രീശാക്തീകരണം എന്ന വാക്കിന്റെ നിര്‍വചനമായിരുന്നു ജയശ്രീയെന്നും ധൈര്യത്തോടെ എന്തും അതിജീവിക്കുക എന്ന സത്യത്തിന്റെ സാക്ഷ്യമായിരുന്നു ജയശ്രീയെന്നും ശ്വാസമുള്ള കാലത്തോളം ജയശ്രീ എന്ന ശിഷ്യയെ ഓർത്ത് അഭിമാനിക്കുമെന്നും ആശ ശരത് കുറിച്ചു.
‘‘പ്രിയപ്പെട്ട ജയശ്രീ,
ഈ കത്ത് എഴുതുമ്പോൾ വാക്കുകൾക്ക് പോലും വിറയലുണ്ട്. ജയശ്രീ എന്റെ ഒരു വിദ്യാർത്ഥിനി മാത്രമായിരുന്നില്ല...ഈ ലോകം തന്ന ഒരു അത്ഭുതമായിരുന്നു.
കാൻസറെന്ന കഠിന സത്യം ശരീരത്തെ പിടിച്ചുലച്ചിരുന്ന കാലത്ത്, എന്റെ ശിക്ഷണത്തിലേക്ക് എത്തിയ ദിവസം ജയശ്രീ എന്റെ നൃത്ത ജീവിതത്തിന്റെ അർത്ഥം തന്നെ മാറ്റിയ ഒരു ദിനമായിരുന്നു.
ഒരു വനിതാ ദിനത്തിലാണ് അവർ എന്റെ ശിഷ്യയായത് എന്നത് ഇന്നും ഞാൻ വ്യക്തമായി ഓർക്കുന്നു. സ്ത്രീശക്തീകരണം എന്ന വാക്കിന് ഒരു പുതിയ നിർവചനം രചിക്കപ്പെട്ടു. ധൈര്യത്തോടെ എന്തും അതിജീവിക്കുക എന്ന സത്യത്തിന്റെ സാക്ഷ്യമായി ജയശ്രീ നിലകൊണ്ടു.
ആ കൈകളും കാലുകളും ഞാൻ ഒരു കുഞ്ഞിനെപ്പോലെ പിടിച്ചു താളം ചവിട്ടിയപ്പോൾ അത് പരിശീലനം മാത്രമായിരുന്നില്ല... വിശ്വാസത്തിന്റെ, സ്നേഹത്തിന്റെ, പ്രതീക്ഷയുടെ മുഹൂർത്തമായിരുന്നു.
വേദനയുണ്ടായിരുന്നിട്ടും ആ കണ്ണുകളിൽ ഒരിക്കലും തോൽവിയുടെ നിഴൽ ഞാൻ കണ്ടിട്ടില്ല. ഓരോ ചുവടിലും, ഓരോ താളത്തിലും ‘എനിക്ക് കഴിയില്ല’ എന്ന വാക്ക് അവർ മറന്നിരുന്നു.
ഗുരുവായൂരപ്പന്റെ സന്നിധിയിൽ സ്വപ്നവേദിയിൽ നർത്തകിയായ ദിവസം ഇന്നും എന്റെ മനസ്സിൽ തിളങ്ങുന്നൊരു ദീപമാണ്.
ചിലമ്പണിഞ്ഞ്, മുഖത്ത് ആ സന്തോഷം നിറച്ച് നൃത്തം ചെയ്തപ്പോൾ വേദന പോലും അവർക്കു മുന്നിൽ തലകുനിച്ച നിമിഷമായിരുന്നു അത്.
ജയശ്രീ,
ഇന്ന് ഈ ലോകത്തോട് വിടപറഞ്ഞുവെങ്കിലും വേദനകളില്ലാത്ത ഒരു ലോകത്തേക്കാണ് പോയത് എന്ന് ഞാൻ വിശ്വസിക്കുന്നു.
എങ്കിലും...അവിടെയും ചിലങ്കയുടെ ശബ്ദം അവർ കേൾക്കും എന്നുറപ്പുണ്ട്. കാരണം ആ ശബ്ദം ആത്മാവിന്റെ താളമാണ്.
എന്റെ ശ്വാസമുള്ള കാലം മുഴുവൻ ജയശ്രീ എന്ന ശിഷ്യ എന്റെ അഭിമാനമായിരിക്കും....’’ എന്നാണ് ജയശ്രീയുടെ വേര്‍പാടിന്റെ വേദനയെക്കുറിച്ച് ആശ ശരത് കുറിച്ചിരിക്കുന്നത്. ഒപ്പം ജയശ്രീ നൃത്തം പഠിക്കുന്ന വീഡിയോയും സംസാരിക്കുന്നതുമൊക്കെ ആശ ശരത് പങ്കുവച്ചിട്ടുണ്ട്. കാസർകോഡ് എന്‍മകജെയിലെ അസിസ്റ്റന്റ് ക‍ൃഷി ഓഫീസറായിരുന്ന ജയശ്രീ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വച്ച് ഇക്കഴിഞ്ഞ ദിവസമാണ് ലോകത്തോട് വിട പറഞ്ഞത്.

Asha Sarath, Asha Sarath emotional note about her student Jayasree
Asha Sharath and mother with her student jayasree (Image Source: Instagram)

ജയശ്രീയെക്കുറിച്ചുള്ള പോസ്റ്റില്‍ നൃത്തം അഭ്യസിക്കുന്ന ജയശ്രീയുടെ വിഡിയോയും ആശ ശരത് പങ്കുവച്ചിട്ടുണ്ട്. രോഗം പോലും മറന്ന് നൃത്തം ചെയ്യാൻ തന്നെ പ്രേരിപ്പിച്ചത് ആശ ശരത്തും ആശയുടെ അമ്മ കലാമണ്ഡലം സുമതി ടീച്ചറുമാണെന്ന് ജയശ്രീ വിഡിയോയിൽ പറയുന്നുണ്ട്. ‘രോഗത്തെക്കുറിച്ച് മാത്രം ചിന്തിച്ച് മുന്നോട്ട് പോകുമ്പോൾ രോഗത്തിന്റെ തീവ്രത കൂടുകയല്ലാതെ കുറയുകയില്ല. അതാണ് ആശ മാമിന്റെ അടുത്ത് എത്തണമെന്ന് മനസ് അതിയായി ആശിച്ചതും ഞാൻ ഇവിടെയെത്തിയതും. ചിന്തിക്കാൻ പറ്റുന്നതിലും അപ്പുറമുള്ള മാറ്റങ്ങളാണ് എനിക്ക് ഉണ്ടായത്. ഈ നൃത്തലോകത്ത് നമ്മെ സംരക്ഷിക്കാനും ചേർത്ത് പിടിക്കാനും ആരൊക്കെയോ ഉണ്ട്. അവരുടെ സ്നേഹത്തോടെയുള്ള ചേർത്തുപിടിക്കലിൽ രോഗത്തെക്കുറിച്ച് മറന്നു. ഇന്ന് എന്റെ മുന്നിൽ നൃത്തത്തെക്കുറിച്ചുള്ള ലോകം മാത്രമാണ്. ചിന്തകളിൽ നൃത്തം മാത്രമാണ്...’’ എന്നാണ് ജയശ്രീ വീഡിയോയില്‍ പറയുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW