Thursday, March 12, 2026 Last Updated 48 Min 25 Sec ago English Edition
Todays E paper
Ads by Google
Monday 09 Feb 2026 11.37 PM

ബഹിഷ്‌കരണത്തില്‍നിന്ന്‌ പാകിസ്‌താന്‍ പിന്മാറി?

ഇസ്ലാമാബാദ്‌: ട്വന്റി-20 ക്രിക്കറ്റ്‌ ലോകകപ്പില്‍ ഇന്ത്യക്കെതിരായ മത്സരം ബഹിഷ്‌കരിക്കാനുള്ള തീരുമാനത്തില്‍നിന്നു പാകിസ്‌താന്‍ പിന്മാറിയതായി റിപ്പോര്‍ട്ട്‌. വിഷയത്തില്‍ ഇടപെട്ട ബംഗ്ലാദേശ്‌ ക്രിക്കറ്റ്‌ ബോര്‍ഡി (ബി.സി.ബി) ന്റെ അഭ്യര്‍ഥന മാനിച്ച്‌ ഈമാസം 15 ന്‌ ഇന്ത്യക്കെതിരേ കളിക്കാന്‍ പാകിസ്‌താന്‍ ക്രിക്കറ്റ്‌ ബോര്‍ഡ്‌ സന്നദ്ധത അറിയിച്ചതായി വിവരം.
കഴിഞ്ഞദിവസം ലാഹോറിലെത്തിയ രാജ്യാന്തര ക്രിക്കറ്റ്‌ കൗണ്‍സിലി (ഐ.സി.സി) ന്റെ പ്രതിനിധികളുമായി പാകിസ്‌താന്‍ ക്രിക്കറ്റ്‌ ബോര്‍ഡ്‌ (പി.സി.ബി), ബംഗ്ലാദേശ്‌ ക്രിക്കറ്റ്‌ ബോര്‍ഡ്‌ (ബി.സി.ബി) അധികൃതര്‍ ചര്‍ച്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്‌ചയില്‍ പാകിസ്‌താന്‍ ചില ഉപാധികള്‍ മുന്നോട്ടുവച്ചതായി വിവരമുണ്ടായിരുന്നു. ലോകകപ്പ്‌ മത്സരം ബഹിഷ്‌കരിച്ചാല്‍ കടുത്ത നടപടികള്‍ക്കു സാധ്യതയുണ്ടെന്ന്‌ ഐ.സി.സി. പ്രതിനിധികള്‍ മുന്നറിയിപ്പു നല്‍കുകയും ചെയ്‌തു. ലോകകപ്പില്‍ ടീമംഗങ്ങള്‍ തമ്മില്‍ ഹസ്‌തദാനം പുനസ്‌ഥാപിക്കുക, ഇന്ത്യ, ബംഗ്ലാദേശ്‌, പാകിസ്‌താന്‍ ഉള്‍പ്പെടുന്ന ത്രിരാഷ്‌ട്ര പരമ്പര അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളാണ്‌ പാകിസ്‌താന്‍ ഉന്നയിച്ചതെന്നു സ്‌ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ബഹിഷ്‌കരണനീക്കം പിന്‍വലിക്കണമെന്ന്‌ അഭ്യര്‍ഥിച്ച്‌ ഇന്നലെ ബി.സി.ബി. പ്രസിഡന്റ്‌ അമിനുള്‍ ഇസ്ലാം ബുള്‍ബുള്‍ പി.സി.ബിക്കു കത്തയച്ചു. തുടര്‍ന്നാണ്‌ ഇന്ത്യക്കെതിരേ കൊളംബോയില്‍ നടക്കുന്ന ലോകകപ്പ്‌ ഗ്രൂപ്പ്‌തല മത്സരത്തില്‍ കളിക്കാന്‍ പാകിസ്‌താന്‍ തീരുമാനിച്ചതെന്നാണു റിപ്പോര്‍ട്ട്‌.

Ads by Google
Monday 09 Feb 2026 11.37 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW