Thursday, March 12, 2026 Last Updated 28 Min 35 Sec ago English Edition
Todays E paper
Ads by Google
Saturday 07 Feb 2026 11.32 PM

ആര്‍ക്കുവേണം ഈ അവാര്‍ഡ്‌

'ആര്‍ക്കുവേണം ഈ അവാര്‍ഡ്‌? കാശുകൊടുത്താല്‍ കിട്ടുന്ന ഇത്‌ എന്റെ പട്ടിക്കുപോലും വേണ്ട' എന്ന്‌ രാജ്യം നല്‍കുന്ന ഉന്നത പുരസ്‌കാരത്തെ പുറംകാല്‍കൊണ്ട്‌ തട്ടാനൊരുങ്ങിയ നേതാവിനുതന്നെ ആ പുരസ്‌കാരം കിട്ടി. അവാര്‍ഡ്‌ കിട്ടിയെന്നറിഞ്ഞതോടെ ആനന്ദക്കണ്ണീര്‍ പൊഴിച്ച അദ്ദേഹം അത്‌ ഗുരുസമക്ഷം സമര്‍പ്പിക്കുന്നുവെന്ന്‌ പ്രഖ്യാപിക്കുകയും ചെയ്‌തു. എടുക്കാത്ത നോട്ടുകള്‍ വഴിപാടായി ഭണ്ഡാരത്തിലിടുന്ന കൗശലക്കാര്‍ ഇന്നുമുണ്ട്‌! അവാര്‍ഡുകളെ സദാ പുച്‌ഛിച്ചു നടക്കുന്ന ചില സാഹിത്യകാരന്മാരും അത്‌ കിട്ടിക്കഴിയുമ്പോള്‍ നിലപാടുമാറ്റുന്നത്‌ കണ്ടിട്ടുണ്ട്‌. ആരുതന്നു എന്നതൊന്നും പ്രശ്‌നമല്ല. പണക്കിഴിക്ക്‌ എന്തു കനമുണ്ടെന്നേ നോട്ടമുള്ളൂ. ജീവിച്ചിരിക്കുന്ന കാലം മുഴുവന്‍ പൈങ്കിളി കഥാകാരനെന്ന പരിഹാസം കേള്‍ക്കേണ്ടിവന്ന മുട്ടത്തുവര്‍ക്കിക്ക്‌ മരണത്തോടെ കാലം തെളിഞ്ഞു. ഈ പരിഹാസത്തില്‍ അണിചേര്‍ന്ന ഒ.വി. വിജയനും കോവിലനും എം. മുകുന്ദനും മുട്ടത്തുവര്‍ക്കി സാഹിത്യ പുരസ്‌കാരം ഏറ്റുവാങ്ങിയ ഇവര്‍ മുട്ടത്തുവര്‍ക്കി മഹാനായ എഴുത്തുകാരനാണെന്ന്‌ ഘോരഘോരം പ്രസംഗിച്ചു. മുട്ടത്തുവര്‍ക്കിക്ക്‌ ലഭിച്ച ഈ മരണാനന്തര ബഹുമതിക്ക്‌ നാം അദ്ദേഹത്തിന്റെ മക്കളോട്‌ നന്ദി പറയണം. ഒരു അവാര്‍ഡിലൂടെയും ഒരെഴുത്തുകാരനെ മഹത്വവല്‍ക്കരിക്കാം.

ഭാരത പര്യടനങ്ങള്‍

മലയാളത്തില്‍ സര്‍ഗാത്മക നിരൂപണത്തിന്റെ ഉദയരാശി കുട്ടിക്കൃഷ്‌ണമാരാരുടെ ഭാരതപര്യടനത്തിലൂടെയാണ്‌ മലയാളി ദര്‍ശിച്ചത്‌. മഹാഭാരതം ഒരു കുടുംബചരിത്രമാണ്‌ മാരാര്‍ക്ക്‌. കാണാത്തതു കാണാനും പറയാത്തതു പറയാനുമുള്ള അദ്ദേഹത്തിന്റെ കഴിവിന്‌ ഉത്തമനിദര്‍ശനമാണ്‌ ഭാരതപര്യടനമെന്ന്‌ ആര്‍.കെ. മണ്ണൂര്‍. ഭാരത പര്യടനത്തിന്റെ 59-ാം വയസിലാണ്‌ തുറവൂര്‍ വിശ്വംഭരന്റെ മഹാഭാരത പര്യടനം പിറന്നത്‌. മഹാഭാരതം വായിക്കാനുള്ള പ്രാഥമികാര്‍ഹതപോലും മാരാര്‍ക്കില്ലെന്നാണ്‌ വിശ്വംഭര വിമര്‍ശനങ്ങളുടെ സാരംതന്നെ. തുടര്‍ന്ന്‌ മഹാഭാരതം എഴുതാനും പ്രസംഗിക്കാനും പറ്റിയ മാര്‍ക്കറ്റാണെന്ന്‌ തിരിച്ചറിഞ്ഞവരാണ്‌ സുനില്‍ പി. ഇളയിടവും കെ.സി. നാരായണനും. ടി.എം. ത്രിവിക്രമന്‍ നമ്പൂതിരിപ്പാടിന്റെ വ്യാസപ്രസാദം ഡോ. കെ.എസ്‌. രാധാകൃഷ്‌ണന്റെ മഹാഭാരത വിചാരങ്ങള്‍ എന്നിവ കുറേക്കൂടി ഗൗരവതരമാണ്‌. സാഹിത്യചക്രവാളത്തിന്റെ പതിവു വിരസതകളില്‍നിന്നു വേറിട്ടൊരു സ്വരവിശേഷമാണ്‌ ഭാരതപര്യടനങ്ങളെ നിരീക്ഷിച്ചുകൊണ്ടുള്ള ഈ രചന. (സാഹിത്യചക്രവാളം-ജനു).

കവികള്‍ വേണ്ട!

തന്റെ സങ്കല്‌പ റിപ്പബ്ലിക്കില്‍ കവികള്‍ വേണ്ടെന്ന്‌ പ്ലേറ്റോ പറഞ്ഞത്‌ വെറുതേയല്ല. പൊട്ടക്കവിതകള്‍ നിരന്തരം എഴുതി പ്രസിദ്ധീകരിക്കുന്ന ഒരു കാലം വരാനിടയുണ്ടെന്ന്‌ ദീര്‍ഘദര്‍ശനം ചെയ്‌തുകാണും. ഇന്നാണെങ്കില്‍ ബഹുവിരസമായ ചില വിശേഷാല്‍പ്പതിപ്പുകളും അദ്ദേഹം നിരോധിച്ചേനെ!

അഭിമുഖവധം

മലയാളത്തിലെ ഒട്ടുമിക്ക അഭിമുഖങ്ങളുടേയും പൊതുസ്വരം മര്യാദയില്ലാത്ത, ഏകപക്ഷീയമായ മേല്‍ക്കോയ്‌മയുടേതാണെന്ന്‌ കാണാം. ദൃശ്യമാധ്യമങ്ങളില്‍ ഇതു കൂടുതല്‍ അക്രമാസക്‌തമാണ്‌. ഉണ്ണിബാലകൃഷ്‌ണനും മറ്റും ശത്രുവിനുനേരേ ആക്രോശത്തോടെ ചാടിവീഴുന്ന ആസുരപ്രകടനങ്ങളാണ്‌ കാഴ്‌ചവയ്‌ക്കുന്നത്‌. ജോണി ലൂക്കോസ്‌ മാത്രമാണ്‌ ഒരപവാദം. അഭിമുഖക്കാരനെ അയാളുടെ പ്രായത്തേയോ സ്‌ഥാനവലുപ്പത്തേയോ പ്രതിഭാഗരിമയേയോ പരിഗണിക്കാതെ ഒരുതരം വിചാരണ. ചോദ്യം ചോദിക്കുന്നയാള്‍ അത്യുന്നതങ്ങളിലും ഉത്തരം പറയേണ്ടയാള്‍ വിനീത പാദദാസനും എന്ന നിലയിലാണ്‌ പലപ്പോഴും കാണാനാവുക. ഇന്ത്യന്‍ സാഹിത്യത്തേയും ഭാഷയേയുംകുറിച്ച്‌ നാതി ദീര്‍ഘമായ ചോദ്യങ്ങള്‍; ഹ്രസ്വമായ ഉത്തരങ്ങള്‍. താന്‍ പ്രതീക്ഷിക്കുന്ന ഉത്തരത്തിലേക്ക്‌ കൊണ്ടുവരാനുള്ള ഒരു വെമ്പല്‍ എല്ലായിടത്തും പ്രകടമാണ്‌. തമിഴ്‌, കാശ്‌മീരി, അരുണാചല്‍ എഴുത്തുകാര്‍ ഈ അപകടം അറിഞ്ഞ്‌ ഒഴിഞ്ഞുമാറുന്നുണ്ട്‌. കാശ്‌മീരില്‍ ദളിത സാഹിത്യമില്ല എന്നത്‌ രാമനുണ്ണിയെ വിസ്‌മയിപ്പിക്കുന്നു. ദളിത്‌ സമൂഹമില്ലാത്ത അവിടെ പുതുതായി ദളിത്‌ സാഹിത്യം നട്ടുവളര്‍ത്താന്‍ ഒരു പ്രോജക്‌ട് മലയാളം എഴുത്തുകാര്‍ക്ക്‌ ഏറ്റെടുക്കാവുന്നതേയുള്ളൂ!
(മാതൃ. ആഴ്‌ച. ഫെബ്രു. 1).

സാഹിത്യോത്സവങ്ങളിലെ
അരുംകൊലകള്‍

സാഹിത്യോത്സവങ്ങളില്‍ 30 മിനിറ്റ്‌ ദൈര്‍ഘ്യമുള്ള സെക്ഷനില്‍ അഞ്ചുപേര്‍ സംസാരിക്കാനിരിക്കെ ആദ്യം മൈക്ക്‌ കിട്ടുന്നയാള്‍ എത്ര മിനിറ്റുവരെ കത്തിവയ്‌ക്കാനിടയുണ്ട്‌? വെറും 25 മിനിറ്റ്‌! ഇയാളെ എന്തു ചെയ്യണം? അവന്റെ വായില്‍ക്കൂടി ചുട്ടുപഴുപ്പിച്ച ഇരുമ്പുകമ്പി ആസിഡില്‍ മുക്കി ഉപ്പും കാന്താരിമുളകും മാനിപ്പുലേറ്റ്‌ (മാരിനേറ്റ്‌) ചെയ്‌ത് കുത്തിയിറക്കി ആസനത്തില്‍ക്കൂടി തിരികെയെടുത്ത്‌ കുഴിമന്തിയിലിട്ട്‌ വെരകി പട്ടിക്കിട്ടുകൊടുക്കണം. യമനും യുധിഷ്‌ഠിരനുമായുള്ള ഈ ഉചിത ഭാഷണത്തെ ആവിഷ്‌കരിച്ചത്‌ നവകേരള വി.കെ.എന്‍, രാംമോഹന്‍ പാലിയത്ത്‌. ഒരു തിരുത്താവാം. അധികപ്രസംഗിയായ ലെവനല്ല, ടിക്കറ്റെടുത്തു കയറിയവരെ പീഡിപ്പിക്കാനുള്ള വേദിയൊരുക്കിയ സാഹിത്യോത്സവ സംഘാടക പ്രമാണിക്കാണ്‌ ഈ ശിക്ഷ കൂടുതല്‍ ചേരുന്നത്‌.
(മാതൃ. ആഴ്‌ച ജനു. 25)

എഴുത്തിന്റെ പണിശാല

എം.ടിയുടെ 'കാഥികന്റെ പണിപ്പുര' 'കാഥികന്റെ കല' എന്നീ പുസ്‌തകങ്ങള്‍ സര്‍ഗാത്മക രചനയുടെ അണിയറയിലേക്ക്‌ കൂട്ടിക്കൊണ്ടുപോകുന്ന മികച്ച കൃതികളാണ്‌. മലയാളത്തില്‍ സാഹിത്യരചനാ ശില്‌പശാലയെ വെളിവാക്കുന്ന ഭേദപ്പെട്ട കൃതികള്‍ കുറവാണ്‌. കഥയുടെ പിന്നിലെ കഥപറയുന്ന ചില രചനകള്‍ ഇല്ലെന്നല്ല. മലയാളം സര്‍വകലാശാലയിലെ സാഹിത്യരചനാ വിഭാഗത്തിന്‌ നേതൃത്വം നല്‍കുന്ന ഡോ. സി. ഗണേഷിന്റെ 'എഴുത്തിന്റെ പണിശാല' ഈ മേഖലയിലെ ഒരു പ്രാഥമിക കൈപ്പുസ്‌തകമായി കരുതാം. അക്കാദമിക കുറിപ്പുകളുടെ പരിമിതിയും ഔപചാരികത്വവും നിഴല്‍വീശുന്ന ഈ കൃതിയില്‍നിന്നും സര്‍ഗാത്മക ചാരുതയോടെ മുന്നോട്ടു പോകുവാന്‍ ഗ്രന്ഥകാരനും അനുഗാമികള്‍ക്കും ഈ കൃതി പ്രേരകമാകട്ടെ. (ഇന്‍സൈറ്റ്‌ 220 രൂപ).

താമരച്ചൂട്‌

സൂര്യന്റെ കാമുകിയാണ്‌ താമരയെന്ന കവി സങ്കല്‌പത്തിന്‌ ശാസ്‌ത്രീയാടിസ്‌ഥാനമുണ്ടെന്ന്‌ ആധുനികശാസ്‌ത്രം കണ്ടെത്തിയിരിക്കുന്നു. പൂവിനകത്തുതന്നെ ഉത്‌പാദിപ്പിക്കപ്പെടുന്ന ചൂടുകൊണ്ട്‌ താപനില 30-35 ഡിഗ്രി സെന്റിഗ്രേഡ്‌ ആകുമത്രെ. ആ സമയം പുറത്തെ അന്തരീക്ഷ താപനില 10 ഡിഗ്രി സെന്റിഗ്രേഡ്‌ താഴെയായിരിക്കും. താപോല്‍പ്പാദനത്തിന്‌ പൂവില്‍ സൂക്ഷിച്ചിരിക്കുന്ന അന്നജവും കൊഴുപ്പുമാണ്‌ ഉപയോഗപ്പെടുത്തുന്നതെന്ന്‌ ഡി. ബാലസുബ്രഹ്‌മണ്യം. (ഹിന്ദു. ജനു.25).

വാരാന്ത്യ
പരസ്യപ്പതിപ്പുകള്‍

മലയാള ദിനപത്രങ്ങളുടെ വാരാന്ത്യപ്പതിപ്പുകള്‍ കാത്തിരുന്നു വായിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. സാഹിത്യ-സാംസ്‌കാരിക സുരഭിലമായിരുന്നു അവ. കാലക്രമത്തില്‍ അവയ്‌ക്കു വന്നുചേര്‍ന്ന പരിണാമം ചെറുതല്ല. ഒരു തിരുവനന്തപുരം പത്രത്തിന്റെ വാരാന്ത്യപ്പതിപ്പ്‌ പരസ്യപ്പതിപ്പുമാത്രമാണ്‌. തരികിട ചികിത്സകര്‍, വ്യവസായികള്‍. യശഃപ്രാര്‍ഥികളായ, സാമൂഹികസേവനം ഉപജീവനമാക്കിയവര്‍ തുടങ്ങിയവരുടെ പെയ്‌ഡ് ന്യൂസുകൊണ്ടാണ്‌ പേജുകള്‍ നിറയ്‌ക്കുന്നത്‌. മേമ്പൊടിക്കൊരു കവിതയും ജ്യോതിഷപംക്‌തിയും കൂട്ടിച്ചേര്‍ക്കും. ഈ ലക്കം കോഴിക്കോട്‌ പത്രത്തിന്റെ വാരാന്ത്യപ്പതിപ്പ്‌ അവനവന്‍ കടമ്പതന്നെ. അടിമുടി സാഹിത്യോത്സവ പരസ്യം മാത്രം! അവനവന്‍ കേമത്തങ്ങള്‍ പുരപ്പുറത്തുകയറി വിളിച്ചുപറയുന്നതില്‍ ഒരു ഉളുപ്പും തോന്നുന്നില്ലാത്ത ഒരു കാലം! കാശുകൊടുത്തു പത്രം വാങ്ങുന്നവരെ (അവരുടെ എണ്ണം നാള്‍ക്കുനാള്‍ കുത്തനെ ഇടിഞ്ഞുകൊണ്ടിരിക്കുന്നു!) വിഡ്‌ഢിയാക്കുന്നതിലാണ്‌ കിടമത്സരം. ഇക്കാര്യത്തില്‍ ഹിന്ദുപോലുള്ള ഇംഗ്ലീഷ്‌ പത്രങ്ങള്‍ക്ക്‌ ഇത്രത്തോളം മൂല്യക്ഷയം സംഭവിക്കാത്തത്‌ ഭാഗ്യം! (മാതൃ. വാരാന്ത്യം. ജനു. 25).

അടൂരിന്റെ 'പദയാത്ര'

അടൂര്‍ ഗോപാലകൃഷ്‌ണന്റെ പുതിയ ചിത്രം 'പദയാത്ര' ആരംഭിച്ചു. മമ്മൂട്ടിയാണ്‌ പ്രധാന വേഷം. മധു, ശാരദ, ഭരത്‌ഗോപി, കരമന തുടങ്ങിയവരെവച്ച്‌ അടൂര്‍ ചെയ്‌ത ചിത്രങ്ങള്‍ ശ്രദ്ധേയമായി. മമ്മൂട്ടിക്ക്‌ ദേശീയ അവാര്‍ഡ്‌ നേടിക്കൊടുത്തവയാണ്‌ അടൂര്‍ കഥാപാത്രങ്ങള്‍. സിനിമയിലെന്നപോലെ സാമൂഹിക-സാംസ്‌കാരിക വിഷയങ്ങളോട്‌ പ്രതികരിക്കുന്നതിലൂടെയും അടൂര്‍ ശ്രദ്ധാകേന്ദ്രമാകാറുണ്ട്‌. അന്താരാഷ്‌ട്രതലത്തില്‍ മലയാള സിനിമയെ അടയാളപ്പെടുത്തിയ അടൂരിന്റെ സിനിമകളില്‍ മോഹന്‍ലാല്‍ അഭിനയിച്ചിട്ടില്ലെന്നതും കൗതുകകരമത്രെ.

പരിസ്‌ഥിതി ജാലകം
തുറക്കാം

മലയാളത്തിലെ ശാസ്‌ത്രസാഹിത്യം പാരായണക്ഷമതയില്‍ വളരെ പിന്നിലായിട്ടാണനുഭവപ്പെടുന്നത്‌. ഗദ്യം ഹൃദ്യമായെഴുതാന്‍ കഴിയുന്നവര്‍ വിരളം. ഇതില്‍നിന്നു വേറിട്ടൊരനുഭവം നല്‍കുന്ന കൃതിയാണ്‌ ഡോ. ടി.ആര്‍. ജയകുമാരിയുടെ 'പരിസ്‌ഥിതി ജാലകം തുറക്കാം' എന്നത്‌. മരങ്ങളുടെ പെന്‍ഷന്‍, ജീവനുള്ള പാലങ്ങള്‍, കടുവയമ്പലം, മത്തങ്ങ മഹോത്സവം, നടക്കും സസ്യങ്ങള്‍, ദൈവത്തിന്റെ സ്വന്തം പൂന്തോട്ടം തുടങ്ങി കൗതുകം വിടര്‍ത്തുന്ന ഒറ്റയിരിപ്പില്‍ വായിച്ചുതീര്‍ക്കാവുന്ന പുസ്‌തകംകൂടിയാണിത്‌. മലയാളത്തില്‍ ഏറ്റവുമധികം പരിസ്‌ഥിതിഗ്രന്ഥങ്ങള്‍ രചിച്ച കുട്ടികള്‍ക്കുവേണ്ടി ഏറെ കൃതികള്‍ രചിച്ച ഡോ. ജയകുമാരി കൂടുതല്‍ അംഗീകാരവും പരിഗണനകളും അര്‍ഹിക്കുന്നുവെന്നുകൂടി ഈ കൃതി സൂചനകള്‍ നല്‍കുന്നുണ്ട്‌. (പരിധി 250 രൂപ).

അരുന്ധതി സിനിമ,
വീണ്ടും

അരുന്ധതി റോയ്‌ തിരക്കഥയെഴുതി ഷാരൂഖ്‌ഖാന്‍ അഭിനയിച്ച കള്‍ട്ട്‌ സിനിമ ഇന്‍വിച്ച്‌ ആനിഗിവ്‌സ് ഇറ്റ്‌ ദോസ്‌ വണ്‍സ്‌ ഫോര്‍ കെ. മികവില്‍ ബാര്‍ലിന്‍ ചലച്ചിത്രോത്സവത്തില്‍ എത്തുന്നു. തിരക്കഥയും അഭിനയവും അരുന്ധതി. സംവിധാനം ഭര്‍ത്താവ്‌ പ്രദീപ്‌കൃഷ്‌ണന്‍. ബര്‍ലിന്‍ മേളയുടെ അഭിമാനമായ ബര്‍ലി നാലെ കാസിക്‌സ് വിഭാഗത്തില്‍ ഈ ചിത്രം തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ടെന്ന്‌ എന്‍.എ. ബക്കര്‍. (ദേശാഭിമാനി വാരാന്ത്യം-ജനു. 25).

Ads by Google
Saturday 07 Feb 2026 11.32 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW