-->
കൊളംബോ: ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിനു മുന്നോടിയായി പാകിസ്‌താന്‍ ടീം കൊളംബോയിലെത്തി. ഓസ്‌ട്രേലിയയ്‌ക്കെതിരേ നടന്ന മൂന്ന് ട്വന്റി20 കളുടെ പരമ്പരയില്‍ സമ്പൂര്‍ണ ജയം നേടിയ ശേഷമാണു പാക് ടീം വിമാനം കയറിയത്.
പാകിസ്‌താന്റെ ഗ്രൂപ്പ് മത്സരങ്ങളും നോക്കൗട്ടില്‍ കടന്നാലുള്ള മത്സരങ്ങളും ശ്രീലങ്കിയിലാണു നടത്തുക. ലോകകപ്പില്‍ കളിക്കാന്‍ പാക് സര്‍ക്കാര്‍ അനുമതി നല്‍കിയതോടെയാണ് ടീം വിമാനം കയറിയത്. 15 നു ഇന്ത്യക്കെതിരായ മത്സരത്തില്‍ കളിക്കില്ലെന്ന് അവര്‍ വ്യക്‌തമാക്കിയിട്ടുണ്ട്. എ ഗ്രൂപ്പില്‍ ഇന്ത്യ, യു.എസ്.എ., ഹോളണ്ട്, നമീബിയ എന്നിവര്‍ക്കൊപ്പമാണ് പാകിസ്‌താന്‍ കളിക്കുക.
കൊളംബോയില്‍ അയര്‍ലന്‍ഡിനെതിരേ പാകിസ്‌താന്‍ ഒരു സന്നാഹ മത്സരം കളിക്കും. ഓസ്‌ട്രേലിയ, ഇം?ണ്ട്, ന്യൂസിലന്‍ഡ് ടീമുകള്‍ സന്നാഹ മത്സരങ്ങള്‍ക്കു താല്‍പര്യപ്പെട്ടില്ല. ഞായറാഴ്‌ച നടന്ന മൂന്നാം ട്വന്റി20 യില്‍ പാകിസ്‌താന്‍ ഓസീസിനെ 111 റണ്ണിനാണു തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്‌ത പാകിസ്‌താന്‍ ആറ് വിക്കറ്റിന് 207 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്‌ത ഓസ്‌ട്രേലിയ 17-ാം ഓവറില്‍ 96 റണ്ണിന് ഓള്‍ഔട്ടായി. നാല് ഓവറില്‍ 18 റണ്‍ വഴങ്ങി അഞ്ച് വിക്കറ്റെടുത്ത മുഹമ്മദ് നവാസാണ് ഓസീസിനെ തകര്‍ത്തത്. ഷഹീന്‍ ഷാ അഫ്രീഡി രണ്ട് വിക്കറ്റും അബ്രാര്‍ അഹമ്മദും നസീം ഷായും ഒരു വിക്കറ്റ് വീതവുമെടുത്തു.
22 പന്തില്‍ 23 റണ്ണെടുത്ത മാര്‍കസ് സ്‌റ്റോനിസും 24 പന്തില്‍ 22 റണ്ണെടുത്ത കാമറൂണ്‍ ഗ്രീനും മാത്രമാണ് ഓസീസ് നിരയില്‍ പൊരുതാന്‍ ശ്രമിച്ചത്. നായകനും ഓപ്പണറുമായ മിച്ചല്‍ മാര്‍ഷ് (ഒന്ന്), മാത്യു ഷോര്‍ട്ട് (രണ്ട്), മാറ്റ് റെന്‍ഷോ (ഒന്ന്), ജോഷ് ഫിലിപ്പ് (14), മിച്ചല്‍ ഓവന്‍ (എട്ട്) എന്നിവര്‍ നിരാശപ്പെടുത്തി. ലാഹോറിലെ ഗദ്ദൊഫി സ്‌റ്റേഡിയത്തില്‍ ടോസ് നേടിയ പാക് നായകന്‍ സല്‍മാന്‍ ആഗ ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചു. ഓപ്പണര്‍ സായിം അയൂബ് (37 പന്തില്‍ രണ്ട് സിക്‌സറും ആറ് ഫോറുമടക്കം 56), ബാബര്‍ അസം (36 പന്തില്‍ ഒരു സിക്‌സറും മൂന്ന് ഫോറുമടക്കം പുറത്താകാതെ 50), ഷാദാബ് ഖാന്‍ (19 പന്തില്‍ അഞ്ച് സിക്‌സറും രണ്ട് ഫോറുമടക്കം 46) എന്നിവരാണു പാക് സ്‌കോര്‍ 200 കടത്തിയത്‌്.