-->
ബാലതാരമായി എത്തി കൈയടിയും പ്രശംസയും നേടിയ ശേഷം യുവതാരങ്ങളിലെ ശ്രദ്ധിക്കപ്പെടുന്ന നായികയായി വളര്‍ന്ന താരമാണ് അനശ്വര രാജന്‍. തണ്ണീർമത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ, രേഖാചിത്രം, നേര് തുടങ്ങിയ ഒട്ടേറെ ചിത്രങ്ങളിലൂടെയാണ് അനശ്വര പ്രേക്ഷകമനസുകളിൽ ഇടംപിടിച്ചത്. സ്വഭാവികമായ അഭിനയമാണ് ശരണ്യയെ മറ്റുള്ള അഭിനേത്രികളില്‍ നിന്ന് വേറിട്ട് നിര്‍ത്തുന്നത്. മികച്ച സിനിമകളില്‍ കാമ്പുള്ള കഥാപാത്രങ്ങള്‍ അഭിനയിച്ച് മലയാള സിനിമയില്‍ തന്റേതായ ഒരു ഇരിപ്പിടം അനശ്വര നേടിയെടുത്തിട്ടുണ്ട്.
അനശ്വരയുടെ ഏറ്റവും പുതിയ തമിഴ് ചിത്രം മദൻ സംവിധാനം ചെയ്യുന്ന ‘വിത്ത് ലവ്’ ആണ്. ടൂറിസ്റ്റ് ടാക്‌സി എന്ന ചിത്രത്തിന്റെ സംവിധായകനായ അബിഷൻ ജീവിന്താണ് ഈ സിനിമയില്‍ നായകനായി എത്തുന്നത്. ഫെബ്രുവരി ആറിന് റിലീസ് ചെയ്യുന്ന ഈ ചിത്രത്തിന്റെ പ്രൊമോഷന്റെ തിരക്കുകളിലാണ് അനശ്വര.
ഇപ്പോഴിതാ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തില്‍ അനശ്വര പറഞ്ഞ രസകരമായ കാര്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ചിത്രത്തിന്റെ സെറ്റിലുള്ള മറ്റുള്ളവരുമായി വൈബ് സെറ്റാകാൻ താൻ മണ്ടിയെ പോലെ അഭിനയിച്ചിരുന്നു എന്നാണ് അനശ്വര പറഞ്ഞത്.
‘‘മൂന്നുദിവസത്തെ വർക്ക്‌ഷോപ്പ് നടത്തിയപ്പോൾ എനിക്കും മദനും അനശ്വരയ്ക്കും വൈബ് സെറ്റായി...’’ എന്നാണ് അബിഷന്‍ പറയുന്നത്. അത് കേട്ടിട്ട്, ‘‘ആ സമയത്ത് വൈബ് സെറ്റായില്ല... വലിയ നടനാണ്, സൂപ്പർസ്റ്റാർ മൂഡിലായിരിക്കും, ഇവരോട് സംസാരിക്കണോ എന്നെല്ലാം ഞാന്‍ ചിന്തിച്ചു...’’ എന്ന് അനശ്വര പറഞ്ഞു.
‘‘അനശ്വരയോട് സംസാരിക്കാൻ എനിക്കും പേടിയായിരുന്നു...ഇംപ്രൊവൈസേഷനെ കുറിച്ചോ മറ്റോ എന്തെങ്കിലും സംസാരിച്ചാൽ, ‘ഇവൻ ഏതാണീ കോമാളി’ എന്ന് അനശ്വര വിചാരിക്കുമോ എന്നായിരുന്നു പേടി. അനശ്വരയെ കുറിച്ച് ഹീറോയിൻ ഇമേജാണ് എന്റെ മനസിലുണ്ടായിരുന്നത്. എന്നാൽ അനശ്വര ചെയ്ത ഒരു കാര്യം ആ ഇമേജിനെ പൂർണമായി തകർത്തു...’’ അബിഷൻ പറഞ്ഞു.
ഇതു കേട്ടതിനു പിന്നാലെ, ‘ഞാൻ സെറ്റിൽ മണ്ടിയെപ്പോലെ അഭിനയിച്ചു. അബിഷനുമായി വൈബ് കിട്ടാനാണ് അങ്ങനെ ചെയ്തത്. അങ്ങനെ ഞാൻ ഇവരുടെ ലെവലിലേക്ക് വന്നു...’’ ചിരിച്ചു കൊണ്ട് അനശ്വര പറഞ്ഞു. ‘‘വലിയൊരു മണ്ടത്തരമാണ് അനശ്വര അതിനായി ചെയ്തത്, അത് ക്യാമറ ഓഫാക്കിയശേഷം പറയാം...’’ അബിഷൻ പൊട്ടിച്ചിരിയോടെ പറഞ്ഞു. സിനിമാ വികടൻ എന്ന യൂട്യൂബ് ചാനലിലെ പ്രൊമോഷൻ പരിപാടിയിലാണ് അനശ്വരയും അബിഷനും ഉൾപ്പെടെയുള്ളവർ ഇക്കാര്യങ്ങള്‍ പറഞ്ഞത്.
‘വിത്ത് ലവ്’ന്റെ ട്രെയിലറിന് മികച്ച രീതിയിലുള്ള പ്രതികരണമാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. പ്രധാന കഥാപാത്രങ്ങളായ അഭിഷന്റെയും അനശ്വരയുടെയും കെമിസ്ട്രിയിലാണ് ട്രെയിലറിന്റെ ആകർഷണം. തെലുങ്കിൽ വിജയക്കൊടി പാറിച്ച അനശ്വര രാജൻ, തമിഴിലും വിജയയാത്ര തുടരുമെന്ന സൂചനയാണ് ചിത്രത്തിന്റെ ട്രെയിലര്‍ നല്‍കുന്നത്. ഒരു ക്യൂട്ട് പ്രണയകഥ സ്‌കൂൾ കാലഘട്ടം മുതൽ വളർച്ചയുടെ വിവിധ ഘട്ടങ്ങളിലൂടെ കടന്നുപോകുന്നതാണ് ഈ ചിത്രത്തിലൂടെ പറയുന്നത്. റൊമാന്റിക് കോമഡി എന്റർടെയ്നറാണ് ഈ ചിത്രം.