Thursday, March 12, 2026 Last Updated 25 Min 13 Sec ago English Edition
Todays E paper
Ads by Google
ടി.കെ. സുധീഷ്‌ കുമാര്‍
Friday 23 Jan 2026 11.34 PM

സ്വര്‍ണവിവാദം: പത്തനംതിട്ടയില്‍ സി.പി.എം. കൂടുതല്‍ പ്രതിരോധത്തില്‍, പത്മകുമാറിനു പിന്നാ​ലെ പാര്‍ട്ടി ജില്ലാ സെക്രട്ടറി രാജു ഏബ്രഹാമും വിവാദക്കുരുക്കില്‍

uploads/news/2026/01/822292/k5.jpg

പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പ്‌ അടുത്തിരിക്കെ ശബരിമല സ്വര്‍ണക്കൊള്ള വിവാദത്തില്‍ കൂടുതല്‍ പ്രതിരോധത്തിലായി പത്തനംതിട്ട ജില്ലയിലെ സി.പി.എമ്മും ഇടതുമുന്നണിയും. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ്‌ അംഗവും കരുത്തനായ നേതാവുമായിരുന്ന മുന്‍ ദേവസം ബോര്‍ഡ്‌ പ്രസിഡന്റ്‌ എ. പത്മകുമാര്‍ സ്വര്‍ണവിവാദത്തില്‍ അകപ്പെട്ടതോടെ പാര്‍ട്ടി ബുദ്ധിമുട്ടിലായിരുന്നു. പത്മകുമാറിനെ തള്ളിയും സംരക്ഷിച്ചും പ്രസ്‌താവനകള്‍ നടത്തിയിരുന്ന മുന്‍ എം.എല്‍.എയും സി.പി.എം ജില്ലാ സെക്രട്ടറിയുമായ രാജു ഏബ്രഹാം തന്നെ ഇപ്പോള്‍ വിവാദക്കുരുക്കില്‍ അകപ്പെട്ടിരിക്കുകയാണ്‌.

ദേവസ്വം മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രനൊപ്പം ഉണ്ണിക്കൃഷ്‌ണന്‍ പോറ്റിയെ സന്ദര്‍ശിക്കുന്നതിന്റെയും പിതാവിന്‌ ഉപഹാരം നല്‍കുന്നതിന്റെയും ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. ആദ്യ ഘട്ടത്തില്‍ ഇത്‌ നിഷേധിച്ച രാജു ഏബ്രഹാം പിന്നീട്‌ ഓര്‍മയില്ലെന്ന മറുപടിയാണ്‌ നല്‍കിയത്‌. സ്വര്‍ണവിവാദം ആരംഭിച്ചപ്പോള്‍ പ്രതികരിക്കാന്‍ തയാറായിരുന്ന രാജു ഏബ്രഹാം ഇപ്പോള്‍ മാധ്യമങ്ങള്‍ക്ക്‌ പിടികൊടുക്കുന്നുമില്ല.

ശബരിമല വിഷയത്തെ പ്രതിരോധിക്കാന്‍ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ എല്ലാം നിഷേധിക്കുകയായിരുന്നു. ഇത്‌ ജനം ഉള്‍ക്കൊള്ളാതെ വന്നതോടെയാണ്‌ അഞ്ച്‌ നിയമസഭാ സീറ്റും കൈവശമുള്ള മുന്നണിക്ക്‌ ത്രിതല പഞ്ചായത്തില്‍ കനത്ത തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നത്‌.
സംസ്‌ഥാന-ജില്ലാ സെക്രട്ടറിമാര്‍ ഇതിന്‌ നിരവധി വിശദീകരണങ്ങളാണ്‌ നല്‍കിയത്‌. ഇപ്പോള്‍ ജില്ലാ സെക്രട്ടറിയും പെട്ടു. മുമ്പും പത്മകുമാറുമായി ബന്ധപ്പെട്ട്‌ നിരവധി വിഷയങ്ങള്‍ പാര്‍ട്ടിയില്‍ ഉണ്ടായിട്ടുണ്ട്‌. പിണറായി ഭക്‌തനായ പത്മകുമാറിനെ നേരിട്ട്‌ എതിര്‍ക്കാന്‍ അധികമാരും തയാറായതുമില്ല. മന്ത്രി വീണാ ജോര്‍ജിനെതിരേ കൊല്ലം സമ്മേളനത്തിന്‌ ശേഷം നേരിട്ടും സാമൂഹികമാധ്യമങ്ങള്‍ വഴിയും പ്രതികരിച്ചിട്ടും കാര്യമായ ഒരു നടപടിയും ഉണ്ടായില്ല. അന്ന്‌ ആറന്മുളയിലെ വീട്ടിലെത്തി ജില്ലാ സെക്രട്ടറി അദ്ദേഹത്തെ സന്ദര്‍ശിക്കുകയും ചെയ്‌തു.

പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റില്‍ ഒരു സ്‌ഥാനം ഒഴിച്ചിട്ടിരിക്കുന്നത്‌ ജില്ലാകമ്മറ്റി അംഗമായ അദ്ദേഹത്തെ തിരിച്ചെടുക്കാനാണെന്ന പ്രചാരവുമുണ്ടായിരുന്നു.ഇതിനിടയിലാണ്‌ സ്വര്‍ണക്കൊള്ള വിവാദം ഉണ്ടാകുന്നത്‌. ഇതോടെ പ്രതിരോധത്തിലായ ജില്ലാ നേതൃത്വം സെക്രട്ടേറിയറ്റിലെ ഒഴിവ്‌ നികത്താന്‍ തയാറായില്ല. എന്നാല്‍ ജില്ലാ കമ്മിറ്റിയംഗമായ എ. പത്മകുമാറിനെ പുറത്താക്കിയതുമില്ല. ഇത്‌ അണികളിലും വിവിധ കമ്മറ്റികളിലും ചര്‍ച്ചയാകുമ്പോഴാണ്‌ പുതിയ വിവാദം. എന്നാല്‍ പത്മകുമാറിനെ കൈവിടാന്‍ ഇനിയും പാര്‍ട്ടി തയാറാകാത്തതിന്‌ പിന്നിലെ ദുരൂഹതയാണ്‌ സംശയാസ്‌പദം. പത്മകുമാറിനെതിരേ കൂടുതല്‍ കടുത്ത പാര്‍ട്ടി നടപടികളുണ്ടായാല്‍ ദൈവതുല്യനിലേക്ക്‌ എത്തുന്ന ബോംബുകള്‍ അദ്ദേഹത്തിന്റെ കൈവശമുണ്ടെന്നാണ്‌ ആറന്മുളക്കാര്‍ പറയുന്നത്‌.

യു.ഡി.എഫ്‌. സംസ്‌ഥാന കണ്‍വീനര്‍ അടൂര്‍ പ്രകാശ്‌ എം.പിയും ആന്റോ ആന്റണി എം.പിയും ഉണ്ണിക്കൃഷ്‌ണന്‍ പോറ്റിക്കൊപ്പം സോണിയ ഗാന്ധിയെ കണ്ട ചിത്രം ഉയര്‍ത്തിയാണ്‌ സാമൂഹിക മാധ്യമങ്ങളില്‍ ഇപ്പോള്‍ സൈബര്‍ വിഭാഗം പ്രതിരോധം തീര്‍ക്കുന്നത്‌. ഇതോടെ ശബരിമല ഉള്‍പ്പെടുന്ന പത്തനംതിട്ട ജില്ലയില്‍ വരും ദിവസങ്ങളില്‍ വിഷയം കൂടുതല്‍ ചര്‍ച്ചയാകാനാണ്‌ സാധ്യത. എന്നാല്‍ ഇതിലൊന്നും തങ്ങള്‍ക്ക്‌ പങ്കില്ലെന്ന സമീപനമാണ്‌ ബി.ജെ.പി പുലര്‍ത്തുന്നത്‌.

ടി.കെ. സുധീഷ്‌ കുമാര്‍

Ads by Google
Ads by Google
LATEST NEWS
TRENDING NOW