-->
കുലാലംപുര്‍: ഇന്ത്യയുടെ വനിതാ താരം ഒളിമ്പ്യന്‍ പി.വി. സിന്ധു മലേഷ്യ ഓപ്പണ്‍ സൂപ്പര്‍ 1000 ബാഡ്‌മിന്റണിന്റെ സെമി ഫൈനലില്‍ കടന്നു. വനിതാ സിംഗിള്‍സ് ക്വാര്‍ട്ടര്‍ ഫൈനലില്‍ എതിരാളി ജപ്പാന്റെ അകാനെ യാമാഗുചി പരുക്കേറ്റു പിന്മാറിയതോടെ സിന്ധു നേരിട്ടു സെമിയിലെത്തി.
ഇന്ത്യന്‍ താരം ഒന്നാം ഗെയിം 21-11 നു നേടിയ ശേഷമാണ് അകാനെ യാമാഗുചി കാല്‍മുട്ടിനേറ്റ് പരുക്ക് അസഹ്യമായതോടെ പിന്മാറിയത്‌്. മൂന്ന് വട്ടം ലോകചാമ്പ്യനായ അകാനെ ഇവിടെ മൂന്നാം സീഡായിരുന്നു. സിന്ധു പരുക്കു മൂലം ഏറെനാള്‍ കളിക്കളത്തിനു പുറത്തിരുന്നു. നിലവിലെ ലോക റാങ്കിങ്ങില്‍ 18-ാം സ്‌ഥാനത്താണ്. സെമിയില്‍ ചൈനയുടെ രണ്ടാം സീഡ് വാങ് ഷിയിയാണു സിന്ധുവിന്റെ എതിരാളി. ഇന്തോനീഷ്യയുടെ ആറാം സീഡ് പുത്രി കുസുമ വര്‍ധിനിയെയാണു വാങ് തോല്‍പ്പിച്ചത്. സ്‌കോര്‍: 21-17, 21-18.
സിന്ധു പ്രീ ക്വാര്‍ട്ടറില്‍ ജപ്പാന്റെ തോമോക മിയാസാകിയെയാണു തോല്‍പ്പിച്ചത്. എട്ടാം സീഡായ തോമോക മിയാസാകിക്ക് സിന്ധുവിനെതിരേ കാര്യമായ പോരാട്ടത്തിനായില്ല. പുരുഷ ഡബിള്‍സില്‍ സാത്വിക്‌സായ്രാജ് റങ്കിറെഡ്‌ഡി - ചിരാഗ് ഷെട്ടി സഖ്യം ക്വാര്‍ട്ടറില്‍ തോറ്റു മടങ്ങി. ഇന്തോനീഷ്യയുടെ ഫാജര്‍ അല്‍ഫിയാന്‍ - മുഹമ്മദ് ഷോഹിബുള്‍ ഫിക്രി സഖ്യത്തോടാണ് അവര്‍ തോറ്റത്. സ്‌കോര്‍: 10-21, 21-23. മത്സരം 47 മിനിറ്റ് നീണ്ടു. പുരുഷ സിംഗിള്‍സില്‍ ലക്ഷ്യ സെനും ആയുഷ് ഷെട്ടിയും പ്രീ ക്വാര്‍ട്ടറില്‍ തോറ്റു മടങ്ങിയിരുന്നു.