-->
തിരുവനന്തപുരം: മുമ്പ് നടന്ന രണ്ടു തെരഞ്ഞെടുപ്പുകളില്‍ രണ്ടാം സ്ഥാനത്ത് വന്നതോടെ തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് ബിജെപിയുടെ നേതാക്കള്‍ക്കിടയില്‍ ഹോട്ട് സീറ്റായി മാറുന്നു. സ്ഥലം നിവാസിയായ നടന്‍ കൃഷ്ണകുമാറും മുതിര്‍ന്ന നേതാവും മുമ്പ് ഇവിടെ മത്സരിച്ചിട്ടുള്ളയാളുമായ കുമ്മനം അടക്കം അനേകം പേരാണ് വട്ടിയൂര്‍കാവില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കണ്ണു വെച്ചിരിക്കുന്നത്.
മുമ്പ് രണ്ടു തവണ കുമ്മനം രാജശേഖരന്‍ മത്സരിച്ച 2016 ലും 2021 ല്‍ മത്സരിച്ച വി.വി. രാജേഷും മണ്ഡലത്തില്‍ ഇടതുപക്ഷത്തെ പിന്തള്ളി രണ്ടാം സ്ഥാനത്തേക്ക് എത്തിയതോടെയാണ് ബിജെപി സാധ്യത മനസ്സിലാക്കിയത്. അതുകൊണ്ടു തന്നെ ഇത്തവണ ബിജെപി ഇവിടെ വിജയപ്രതീക്ഷ വെച്ചു പുലര്‍ത്തുകയാണ്. 2016-ല്‍ കുമ്മനം രാജശേഖരന്‍ മത്സരിച്ചപ്പോള്‍ സിപിഐഎമ്മിനെ മൂന്നാംസ്ഥാനത്താക്കാനായിരുന്നു. കെ മുരളീധരനോട് 7622 വോട്ടുകള്‍ക്ക് പരാജയപ്പെട്ടെങ്കിലും വോട്ട് 20 ശതമാനത്തിലധികം വര്‍ദ്ധനവ് കണ്ടെത്തി.
എന്നാല്‍ അതു കഴിഞ്ഞുള്ള തെരഞ്ഞെടുപ്പില്‍ എസ് സുരേഷ് മത്സരിച്ച 2019-ല്‍ വീണ്ടും മൂന്നാം സ്ഥാനത്തേക്ക് പോയി. എന്നാല്‍ 2021-ല്‍ വികെ. പ്രശാന്ത് ജയം നേടിയപ്പോള്‍ വി വി രാജേഷ് ബിജെപിയെ വീണ്ടും രണ്ടാംസ്ഥാനത്തേക്ക് എത്തിച്ചിരുന്നു. 2021 ല്‍ ശബരിമല ഉള്‍പ്പെടെ സര്‍ക്കാര്‍ വിരുദ്ധ ആരോപണങ്ങള്‍ ശക്തമായ സാഹചര്യത്തില്‍ ഏറ്റവും അനുകൂല മായ സാഹചര്യമാണെന്നാണ് വിലയിരുത്തല്‍. അതുകൊണ്ടു തന്നെ ഇത്തവണ ഇവിടെ മത്സരിക്കാന്‍ ആര്‍ക്ക് നറുക്കുവീഴും എന്ന ആകാംഷയിലാണ് പാര്‍ട്ടി നേതാക്കള്‍.
ദേശീയ നേതൃത്വമാകും ഇക്കാര്യത്തില്‍ അന്തിമമായി തീരുമാനം എടുക്കുക. നിലവില്‍ പറഞ്ഞുകേള്‍ക്കുന്ന കെ. സുരേന്ദ്രനും ശ്രീലേഖയ്ക്കും പിന്നാലെ കൃഷ്ണകുമാറും രംഗത്തെത്തിയതോടെ പാര്‍ട്ടി ദേശീയ നേതൃത്വത്തിന്റെ നിലപാട് നിര്‍ണായകമാകും. ജീവിക്കുന്നത് വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലാണെന്നും നാച്ചുറല്‍ കാന്‍ഡിഡേറ്റ് എന്ന നിലയില്‍ തനിക്ക് ആനുകൂല്യം കിട്ടിയേക്കാമെന്നുമാണ് കൃഷ്ണകുമാര്‍ കരുതുന്നത്. എന്നാലും പാര്‍ട്ടി പറയുന്ന സീറ്റില്‍ മത്സരിക്കുമെന്നും വട്ടിയൂര്‍ക്കാവാണ് തന്റെ പ്രവര്‍ത്തന മണ്ഡലമെന്നും അദ്ദേഹം വ്യക്തമാക്കി.
തദ്ദേശ തെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവ് മണ്ഡലത്തിന്റെ ചുമതലയും ബിജെപി കൃഷ്ണകുമാറിന് നല്‍കിയിരുന്നു. കുമ്മനം രാജശേഖരനും വട്ടിയൂര്‍ക്കാവില്‍ മത്സരിക്കാന്‍ സന്നദ്ധത അറിയിച്ചതായാണ് വിവരം. തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനം ലഭിക്കാത്തതില്‍ അതൃപ്തി വ്യക്തമാക്കിയ ആര്‍ ശ്രീലേഖയെ വട്ടിയൂര്‍ക്കാവില്‍ സ്ഥാനാര്‍ത്ഥിയാക്കാമെന്ന് നേതാക്കള്‍ വാഗ്ദാനം നല്‍കിയിരുന്നു.