Thursday, March 12, 2026 Last Updated 7 Min 53 Sec ago English Edition
Todays E paper
Ads by Google
Saturday 03 Jan 2026 10.08 AM

പ്രതിഷേധത്തിനിടെ വനിതാ പോലീസിന്റെ വസ്‌ത്രം വലിച്ചുകീറി; രണ്ടുപേര്‍ അറസ്‌റ്റില്‍

uploads/news/2026/01/818811/3.jpg

റായ്‌പുര്‍: ഖനന വിരുദ്ധ പ്രതിഷേധത്തിനിടെ വനിതാ പോലീസുകാരിയുടെ വസ്‌ത്രമുരിയാന്‍ ശ്രമം, രണ്ടു പേര്‍ അറസ്‌റ്റില്‍. ഛത്തീസ്‌ഗഡിലെ റായ്‌പുരിലാണ്‌ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ പോലീസ്‌ ഉദ്യോഗസ്‌ഥയുടെ വസ്‌ത്രം വലിച്ച്‌ കീറാനും ദൃശ്യങ്ങളെടുക്കാനും പ്രതിഷേധക്കാര്‍ ശ്രമിച്ചത്‌. ഡിസംബര്‍ 27ന്‌ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതിന്‌ പിന്നാലെയാണ്‌ അറസ്‌റ്റുണ്ടായത്‌.
റായ്‌ഗഡിലെ 14 ഗ്രാമങ്ങളില്‍ നിന്നുള്ള താമസക്കാരാണ്‌ ഈ മേഖലയില്‍ പ്രഖ്യാപിച്ച ഖനന പദ്ധതിക്കെതിരേ പ്രതിഷേധവുമായി എത്തിയത്‌.
പ്രതിഷേധം അക്രമാസക്‌തമായതോടെ ആയിരക്കണക്കിന്‌ പ്രതിഷേധക്കാര്‍ പോലീസുകാരെ ആക്രമിക്കുകയും വാഹനങ്ങള്‍ക്ക്‌ തീ വയ്‌ക്കുകയും ചെയ്‌തിരുന്നു. സംഭവ സ്‌ഥലത്ത്‌ വളരെക്കുറച്ച്‌ പോലീസിനെ മാത്രമേ വിന്യസിച്ചിരുന്നുള്ളൂ.
ഇവരിലൊരു വനിതാ പോലീസ്‌ ഉദ്യോഗസ്‌ഥയാണ്‌ അതിക്രമത്തിന്‌ ഇരയായത്‌. പ്രതിഷേധക്കാര്‍ അക്രമാസക്‌തരായതിന്‌ പിന്നാലെ പോലീസുകാരി സംഘര്‍ഷ സ്‌ഥലത്ത്‌ കുടുങ്ങുകയായിരുന്നു.
നിലത്ത്‌ വീണ പോലീസ്‌ ഉദ്യോഗസ്‌ഥ വസ്‌ത്രം വലിച്ചുകീറുന്ന പുരുഷന്മാരോട്‌ ഇങ്ങനെ ചെയ്യരുതെന്ന്‌ അപേക്ഷിക്കുന്ന വീഡിയോയാണ്‌ പുറത്ത്‌ വന്നത്‌. അസഭ്യം പറഞ്ഞുകൊണ്ട്‌ ചെരുപ്പുകൊണ്ട്‌ അടിക്കാനോങ്ങുന്ന ഒരാളും വസ്‌ത്രം വലിച്ച്‌ കീറുന്ന മറ്റൊരാളുമാണ്‌ പുറത്ത്‌ വന്ന ദൃശ്യങ്ങളിലുള്ളത്‌. കൈകള്‍ കൂപ്പി വെറുതെ വിടാന്‍ അപേക്ഷിക്കുന്ന പോലീസ്‌ ഉദ്യോഗസ്‌ഥയേയും ദൃശ്യങ്ങളില്‍ കാണാം. സഹോദരാ താനാരെയും മര്‍ദ്ദിച്ചിട്ടില്ല, വെറുതെ വിടൂവെന്ന്‌ യാചിക്കുന്ന പോലീസുകാരിയുടെ ദൃശ്യങ്ങള്‍ വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു.
പോലീസുകാരിയെ അപമാനിക്കുന്ന ദൃശ്യങ്ങള്‍ അക്രമികളിലൊരാള്‍ തന്നെയാണ്‌ ചിത്രീകരിക്കുന്നത്‌. മഹിള കോണ്‍ഗ്രസ്‌ ആണ്‌ വീഡിയോ പുറത്ത്‌ വിട്ടത്‌. 'പോലീസുകാരുടെ അവസ്‌ഥ ഇതാണെങ്കില്‍ സാധാരണക്കാരുടെ അവസ്‌ഥ എന്തായിരിക്കും. ഇരട്ട എന്‍ജിനുള്ള ബി.ജെ.പി സര്‍ക്കാര്‍ സ്‌ത്രീ സുരക്ഷ ഉറപ്പാക്കുന്നതില്‍ പൂര്‍ണ പരാജയം' എന്ന കുറിപ്പോടെയാണ്‌ വീഡിയോ പങ്കുവച്ചിട്ടുള്ളത്‌.

Ads by Google
Saturday 03 Jan 2026 10.08 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW