-->
ധാക്ക: ന്യൂനപക്ഷമായ ഹിന്ദു വിഭാഗങ്ങള്‍ക്കുനേരേ ബം?ാദേശില്‍ വീണ്ടും അക്രമം. പിറോജ്‌പൂര്‍ ജില്ലയില്‍ ഒരു കുടുംബത്തിന്റെ ഉടമസ്‌ഥതയിലുള്ള അഞ്ചുവീടുകള്‍ അജ്‌ഞാതര്‍ അഗ്നിക്കിരയാക്കി. ഡിസംബര്‍ 18ന് ദൈവനിന്ദ ആരോപിച്ച് വസ്‌ത്ര തൊഴിലാളിയായ ദിപു ചന്ദ്രദാസിനെ ജനക്കൂട്ടം ആക്രമിച്ച് കൊന്ന് മൃതദേഹം കത്തിച്ചതിന് ഒരാഴ്‌ചയ്‌ക്കുശേഷം കഴിഞ്ഞ ഞായറാഴ്‌ചയാണ് പുതിയ സംഭവം. തലസ്‌ഥാനമായ ധാക്കയില്‍ നിന്ന് 240 കിലോമീറ്റര്‍ അകലെയാണ് അതിക്രമം അരങ്ങേറിയത്. അക്രമികള്‍ തുണിപ്പന്തം കത്തിച്ച് വീടിനു മുകളിലേക്ക് എറിയുകയായിരുന്നെന്നു പറയുന്നു. വീടിന്റെ മുറികളിലൊന്നിലാണ് ആദ്യം തീപിടിച്ചത്‌്. ഇതു വ്യാപിച്ച് അഞ്ചുവീടുകള്‍ അഗ്നിക്കിരയാകുകയായിരുന്നു. വീടുകളിലെ താമസക്കാര്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. വീടുകളിലേക്ക് തീ പടര്‍ന്നപ്പോള്‍ നാട്ടുകാര്‍ തീ അണയ്‌ക്കാന്‍ ശ്രമിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
വാതിലുകള്‍ പുറത്തുനിന്നു പൂട്ടിയ നിലയിലായിരുന്നെന്ന് അക്രമത്തിനിരയായ വീടുകളിലെ താമസക്കാര്‍ പറഞ്ഞു. ടിന്‍ ഷീറ്റുകളും മുള വേലികളും മുറിച്ചാണ് രക്ഷപ്പെട്ടത്. എങ്ങനെ തീപടര്‍ന്നെന്ന് അറിയില്ല. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷിക്കുന്നുണ്ട്. തീപിടിത്തത്തില്‍ വളര്‍ത്തുമൃഗങ്ങള്‍ ചത്തു. വീടുകളും വസ്‌തുക്കളും പൂര്‍ണമായും കത്തിനശിച്ചു. ഭയപ്പാടിലായതിനാല്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ ബുദ്ധിമുട്ടുണ്ടെന്നും ധാക്കയില്‍ താല്‍ക്കാലിക അഭയംതേടിയ എട്ടോളം കുടുംബാംഗങ്ങള്‍ പറഞ്ഞു. സംഭവവുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന അഞ്ചുപേരെ പോലീസ് അറസ്‌റ്റ് ചെയ്‌തു. ശേഷിക്കുന്നവരെ പിടികൂടാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാണെന്നു പോലീസ് അറിയിച്ചു.