-->
ന്യൂഡല്‍ഹി: കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ ഏറ്റവും ഇന്ത്യക്കാരെ നാടുകടത്തിയ രാജ്യം സൗദി അറേബ്യയെന്നു റിപ്പോര്‍ട്ട്. യു.എസില്‍ ഡോണള്‍ഡ് ട്രംപ് അധികാരത്തിലേറിയ ശേഷം നിരവധിപ്പേരേ നാടുകടത്തിയിരുന്നു. പക്ഷേ, വിദേശകാര്യ മന്ത്രാലയം രാജ്യസഭയില്‍ സമര്‍പ്പിച്ച ഔദ്യോഗിക ഡേറ്റ അനുസരിച്ച്, 2025ല്‍ 7,000ല്‍ അധികം ഇന്ത്യക്കാരെയാണു സൗദി നാടുകടത്തിയത്. റിയാദിലെ ഇന്ത്യന്‍ മിഷന്‍ നല്‍കിയ ഡേറ്റ അനുസരിച്ച്, 2025ല്‍ സൗദി അറേബ്യയില്‍നിന്ന് ആകെ 7,019 ഇന്ത്യക്കാരെ നാടുകടത്തി. അതേ സമയം, വാഷിങ്‌ടണ്‍ ഡിസിയിലെ ഇന്ത്യന്‍ മിഷന്‍ നല്‍കിയ വിദേശകാര്യ മന്ത്രാലയത്തിന്റെ ഡേറ്റ അനുസരിച്ച്, 2025ല്‍ അമേരിക്കയില്‍നിന്ന് ആകെ 3,414 ഇന്ത്യക്കാരെ നാടുകടത്തി. വിസ അല്ലെങ്കില്‍ താമസാനുമതി കാലയളവ് കഴിഞ്ഞിട്ടും വിദേശത്ത് തുടരുക, സാധുവായ തൊഴില്‍ അനുമതിയില്ലാതെ ജോലി ചെയ്യുക, തൊഴില്‍ നിയമങ്ങള്‍ ലംഘിക്കുക, അറിയിക്കാതെ തൊഴില്‍ ദാതാവിനെ വിട്ട് പോകുക, സിവില്‍ അല്ലെങ്കില്‍ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെടുക തുടങ്ങിയ കാരണങ്ങളാണ് ഇന്ത്യക്കാരെ നാടുകടത്തിയത്.