-->
തെന്നിന്ത്യന്‍ താരറാണിയായ സമാന്ത റൂത്ത് പ്രഭു മികച്ച കഥാപാത്രങ്ങളിലൂടെയാണ് പ്രേക്ഷകമനസ്സിലിടം നേടിയത്. കരിയറില്‍ തിളങ്ങി നില്‍ക്കുന്ന സമയത്താണ് താരം, തെലുങ്ക് യുവതാരം നാഗചൈതന്യയുമായി പ്രണയിക്കുന്നതും വിവാഹം ചെയ്തതും. പക്ഷേ നാഗ ചൈതന്യയുമായുള്ള വിവാഹമോചനവും, പിന്നീട് തനിക്ക് മയോസിറ്റീസ് അസുഖമുണ്ടെന്നുമുള്ള വെളിപ്പെടുത്തലും കാരണമാണ് താരം പിന്നീട് വാര്‍ത്തകളില്‍ നിറഞ്ഞത്. നാഗചൈതന്യ പിന്നീട് നടി ശോഭിത ധൂലിപാലയെ വിവാഹം ചെയ്തെങ്കിലും സമാന്ത അവിവാഹിതയായി തുടരുകയാണ്.
എന്നാല്‍ അടുത്തിടെയായി സമാന്ത ദി ഫാമിലി മാൻ സംവിധായകരില്‍ ഒരാളായ രാജ് നിഡിമോരുവുമായി പ്രണയത്തിലാണെന്ന ഗോസിപ്പുകള്‍ പ്രചരിക്കുന്നത്. ഇവര്‍ രണ്ടുപേരും പലയിടത്തും ഒരുമിച്ച് പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയതോടെ അഭ്യൂഹങ്ങള്‍ ബലപ്പെട്ടു തുടങ്ങി. എന്നാല്‍ ഇരുവരും തങ്ങളുടെ ബന്ധം സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തിരുന്നില്ല.
ഇപ്പോഴിതാ എല്ലാ അഭ്യൂഹങ്ങള്‍ക്കും വിരാമമിടുന്ന ഒരു പോസ്റ്റ് പങ്കിടുകയാണ് സമാന്ത. കുറിപ്പിനൊപ്പം താരം പങ്കുവച്ച ചിത്രങ്ങളും ശ്രദ്ധിക്കപ്പെടുന്നുണ്ട്. ഈ വർഷം ജീവിതത്തില്‍ നടത്തിയ ധീരമായ ചുവടുവയ്പിനെ കുറിച്ചായിരുന്നു സമാന്തയുടെ പോസ്റ്റ്. അതിനൊപ്പം പങ്കിട്ട ചിത്രങ്ങളില്‍ ഒന്ന് രാജിനൊപ്പമുള്ളതായിരുന്നു. കറുത്ത് വസ്ത്രങ്ങളണിഞ്ഞ് പരസ്പരം ആലിംഗനം ചെയ്ത് നില്‍ക്കുന്ന ചിത്രമായിരുന്നു ഇത്.
‘‘സുഹൃത്തുക്കളാലും കുടുംബാംഗങ്ങളാലും ചുറ്റപ്പെട്ടിരിക്കുന്നു...
കഴിഞ്ഞ ഒന്നര വർഷത്തിനിടയിൽ, എന്റെ കരിയറിലെ ഏറ്റവും ധീരമായ ചില ചുവടുവയ്പ്പുകൾ ഞാൻ നടത്തിയിട്ടുണ്ട്. മുന്നോട്ടേക്ക് പോകുമ്പോള്‍ റിസ്‌കുകൾ എടുക്കുക, എന്റെ അവബോധത്തെ വിശ്വസിക്കുക...എന്നിങ്ങനെ ഒരുപാട് കാര്യങ്ങള്‍. ഇന്ന് ഞാന്‍ ചെറിയ വിജയങ്ങൾ ആഘോഷിക്കുകയാണ്.
ഞാൻ കണ്ടുമുട്ടിയതിൽ വച്ച് ഏറ്റവും മിടുക്കരും, കഠിനാധ്വാനികളും, ഏറ്റവും ആധികാരികരുമായ ചില ആളുകളോടൊപ്പം പ്രവർത്തിക്കാൻ കഴിയുന്നതിൽ ഞാൻ വളരെ നന്ദിയുള്ളവളാണ്. വളരെയധികം വിശ്വാസത്തോടെ, ഇത് ഒരു തുടക്കം മാത്രമാണെന്ന് എനിക്കറിയാം....’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് സമാന്ത ചിത്രങ്ങള്‍ പങ്കിട്ടിരിക്കുന്നത്. തന്റെ പെർഫ്യൂം ബ്രാൻഡായ സീക്രട്ട് ആല്‍ക്കെമിസ്റ്റ് ലോഞ്ച് ചെയ്ത ചടങ്ങില്‍ നിന്നുള്ള ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. ചിത്രത്തില്‍ സമാന്ത ഒരു ലെയ്‌സ് ബ്രേലെറ്റും ഹൈ-വെയിസ്റ്റ് പാന്റ്സുമാണ് ധരിച്ചിരിക്കുന്നത്, രാജ് ഒരു നേവി ബ്ലൂ ജാക്കറ്റും കറുത്ത ടി-ഷർട്ടും ധരിച്ചിരുന്നു. രാജ് അരക്കെട്ടിൽ പിടിച്ചു നിൽക്കുമ്പോൾ താരം രാജിനോട് ചേർന്ന് നിന്ന് നിറഞ്ഞ ചിരിയോടെ കൈകൾ ചേർത്തു പിടിച്ചിരിക്കുന്നത് കാണാം
രാജിന്റെ അരികില്‍ നിന്ന് ഒരുമിച്ച് പോസ് ചെയ്യുന്നത്, പരസ്പരം കെട്ടിപ്പിടിച്ച്, വളരെ സന്തോഷത്തോടെ നില്‍ക്കുന്നത്, രാജ് നടിയുടെ പിന്നില്‍ നില്‍ക്കുന്നതടക്കം നിരവധി ചിത്രങ്ങളില്‍ രാജിന്റെ സാന്നിധ്യമുണ്ട്. ഒരു ചിത്രത്തില്‍ തെന്നിന്ത്യന്‍ ബോളിവുഡ് താരം തമന്ന ഭാട്ടിയയും ഉണ്ട്.
തന്റെ ഏറ്റവും പുതിയ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ താരം ഈ വാർത്ത സ്ഥിരീകരിച്ചിരിക്കുകയാണെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. നാഗചൈതന്യയെ പ്രണയിച്ചു വിവാഹം ചെയ്ത സമാന്ത 2021 ലാണ് വിവാഹമോചനം നേടിയത്. രാജ് നിഡിമോരുവും വിവാഹമോചിതനാണ്. ശ്യാമലി ദേയെ ആയിരുന്നു രാജിന്റെ പങ്കാളി. 2022ല്‍ ഇരുവരും വേർപിരിഞ്ഞു.
സമാന്തയും രാജും ‘ദി ഫാമിലി മാൻ 2’, ‘സിറ്റാഡെല്‍: ഹണി ബണ്ണി’ എന്നീ പ്രോജക്റ്റുകളില്‍ ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്. ഇൻസ്റ്റാഗ്രാമില്‍ രാജിനൊപ്പമുള്ള ചിത്രങ്ങള്‍ പതിവായി പങ്കുവെച്ചതിനെത്തുടർന്നാണ് ഇരുവരുടെയും പ്രണയത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ ശക്തമായത്. ജോലിയുമായി ബന്ധമില്ലാത്ത സാഹചര്യങ്ങളിലും ഇരുവരെയും ഒരുമിച്ച് കാണുന്നത് പതിവാണ്.
ആദിത്യ റോയ് കപൂർ, അലി ഫസല്‍, വാമിക ഗബ്ബി, ജയ്ദീപ് അഹ്‌ലാവത്ത് എന്നിവർ അഭിനയിക്കുന്ന ‘രക്ത് ബ്രഹ്മാണ്ഡ്: ദി ബ്ലഡി കിംഗ്ഡം’ എന്ന ചിത്രത്തില്‍ ആണ് സാമന്തയും രാജും പ്രവർത്തിക്കുന്നത്. മനോജ് ബാജ്‌പേയി, ജയ്ദീപ് അഹ്‌ലാവത്ത് തുടങ്ങിയവർ അഭിനയിക്കുന്ന രാജ് & ഡികെയുടെ ‘ദി ഫാമിലി മാൻ സീസണ്‍ 3’ നവംബർ 21-ന് റിലീസിനൊരുങ്ങുകയാണ്.