-->
പലപ്പോഴും ആളുകള്‍ തങ്ങളുടെ ചിന്തകളും അനുഭവങ്ങളും അഭിപ്രായങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ ഇത്തരത്തില്‍ ശക്തവും ആഴത്തിലുള്ളതുമായ ഒരു ലിങ്ക്ഡ്ഇന്‍ പോസ്റ്റിലൂടെ ശ്രദ്ധ നേടിയിരിക്കുകയാണ് നീല്‍ ജാദവ് എന്ന യുവാവ്. പല പുരുഷന്മാരും സഹിക്കുന്ന, പലപ്പോഴും ശ്രദ്ധിക്കപ്പെടാത്ത വൈകാരിക ബുദ്ധിമുട്ടുകളെക്കുറിച്ചാണ് അദ്ദേഹത്തിന്റെ ഈ കുറിപ്പ്. കരുത്തിന്റെ പുറംതോടിനുള്ളില്‍ മറഞ്ഞിരിക്കുന്ന, നിശബ്ദമായ പോരാട്ടങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ചിന്തകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. ശമ്പളം കിട്ടാതെ മൂന്ന് മാസം കടന്നുപോയ ഒരു സുഹൃത്തിന്റെ കഥയാണ് ജാദവ് വിവരിച്ചത്.
കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുണ്ടായിട്ടും ഈ യാഥാര്‍ത്ഥ്യം സുഹൃത്ത് കുടുംബത്തില്‍ നിന്ന് മറച്ചുവെച്ചു. സാമ്പത്തിക ഞെരുക്കത്തിനിടയിലും അദ്ദേഹം മെഡിക്കല്‍ ബില്ലുകള്‍, കുട്ടികളുടെ സ്‌കൂള്‍ ഫീസ്, വീടിന്റെ പെയിന്റിംഗ് എന്നിവയ്‌ക്കെല്ലാം പണം നല്‍കുകയും കുടുംബപരമായ എല്ലാ ഉത്തരവാദിത്തങ്ങളും നിറവേറ്റുകയും ചെയ്തു. പ്രയാസങ്ങളെല്ലാം അദ്ദേഹം രഹസ്യമായി സൂക്ഷിച്ചു. ജാദവിന്റെ വാക്കുകള്‍ ഇങ്ങനെ 'അദ്ദേഹത്തിന്റെ പ്രായമായ മാതാപിതാക്കളുടെ മെഡിക്കല്‍ ബില്ലുകള്‍ അടച്ചു. കുട്ടികളുടെ സ്‌കൂള്‍ ഫീസ് അടച്ചു. അദ്ദേഹത്തിന്റെ വീട്ടുകാര്‍ക്ക് വീട് പെയിന്റ് ചെയ്യാനുമായി. അദ്ദേഹം തുടര്‍ന്നും സംരക്ഷണം നല്‍കിയതില്‍ 'അഭിമാനിക്കുന്നു'.' എന്നാല്‍ ആ അഭിമാനത്തിന് പിന്നില്‍ ആരും കാണാത്ത ഒരു വലിയ വില കൊടുക്കേണ്ടി വന്നു. പെട്ടെന്നുള്ള മുടി കൊഴിച്ചില്‍, ശരീരഭാരം കൂടുന്നത്, നിശബ്ദമായ ഉള്‍വലിയല്‍, വേഗത്തിലുള്ള വാര്‍ദ്ധക്യം എന്നിവ അദ്ദേഹത്തിന്റെ ശരീരത്തിലും മാനസികാവസ്ഥയിലും പ്രകടമായി. ഒരു അദൃശ്യ ഭാരത്തിന്റെ ലക്ഷണങ്ങളായിരുന്നു ഇതെല്ലാമെന്ന് ജാദവ് പറയുന്നു.
പുരുഷന്മാരെ തുറന്ന് സംസാരിക്കാന്‍ പ്രോത്സാഹിപ്പിക്കണമെന്ന് പലരും വാദിക്കുമ്പോള്‍, ഈ ഉപദേശം മാത്രം മതിയാകില്ലെന്ന് ജാദവും അഭിപ്രായപ്പെടുന്നു. പകരം, കൂടുതല്‍ സൂക്ഷ്മമായ ഒരു സമീപനമാണ് അദ്ദേഹം മുന്നോട്ട് വെച്ചത്: ആവശ്യപ്പെടാതെ തന്നെ ശ്രദ്ധിക്കുക. ചിലപ്പോള്‍, പുരുഷന്മാര്‍ക്ക്, ആവശ്യപ്പെടാതെ തന്നെ അവര്‍ ചുമക്കുന്ന ഭാരം ശ്രദ്ധിക്കുന്ന ഒരാളെയാണ് വേണ്ടത്. കാരണം, അവര്‍ ഒരിക്കലും തുറന്ന് പറയില്ല. ഈ പുരുഷന്മാര്‍ കെട്ടുകഥകളിലെ കഥാപാത്രങ്ങളല്ല. അവര്‍ നമ്മുക്ക് ചുറ്റുമുള്ള അച്ഛന്മാരും, സഹോദരന്മാരും, ഭര്‍ത്താക്കന്മാരും, മകന്മാരും, സഹപ്രവര്‍ത്തകരുമാണെന്നും അദ്ദേഹം വായനക്കാരെ ഓര്‍മ്മിപ്പിക്കുന്നു. കുറിപ്പ് പലരുടെയും മനസ്സില്‍ തട്ടി. നിരവധി വായനക്കാര്‍ സ്വന്തം അനുഭവങ്ങള്‍ പങ്കുവെച്ചും നന്ദി പ്രകടിപ്പിച്ചും പ്രതികരിച്ചു. ഒരു കമന്റ് ഇങ്ങനെയായിരുന്നു: 'ഇത് ശരിക്കും ഹൃദയഭേദകമാണ്... നിശബ്ദത എപ്പോഴും സമാധാനമല്ല എന്ന് ഇത് ഓര്‍മ്മിപ്പിക്കുന്നു.