-->
ഭോപ്പാലിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ (എയിംസ്) ബ്ലഡ് ബാങ്കിൽ നിന്ന് നിരവധി യൂണിറ്റ് രക്തവും പ്ലാസ്മയും മോഷണം പോയതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് ഒരു ഔട്ട്‌സോഴ്‌സ് ജീവനക്കാരനെതിരെ പൊലീസ് കേസെടുത്തു. എയിംസ് രക്തബാങ്ക് ഇൻ-ചാർജ് ഡോ. ഗ്യാനേന്ദ്ര പ്രസാദ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
പൊലീസ് നൽകുന്ന വിവരമനുസരിച്ച് ബ്ലഡ് ബാങ്കിൽ നിന്ന് വളരെക്കാലമായി രക്തവും പ്ലാസ്മ യൂണിറ്റുകളും കാണാതാകുന്നുണ്ടായിരുന്നു. ഇതിനെത്തുടർന്ന് അധികൃതർ ബ്ലഡ് ബാങ്കിൽ സിസിടിവി ക്യാമറകൾ സ്ഥാപിച്ചു. ഈ സിസിടിവി ദൃശ്യങ്ങളിൽ ഔട്ട്‌സോഴ്‌സ് ജീവനക്കാരനായ ഒരാൾ രക്തം പ്ലാസ്മ യൂണിറ്റുകൾ മോഷ്ടിച്ച് ഒരു അജ്ഞാത വ്യക്തിക്ക് കൈമാറുന്നത് കണ്ടെത്തി. ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് എയിംസ് അധികൃതർ ബാഗ് സെവാനിയ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.