-->
കുര്‍ത്തയണിഞ്ഞ്, മുണ്ടു മടക്കി, മാസ്സ് ഡയലോഗുമായി പ്രേക്ഷകമനസ്സിലേക്ക് സ്ലോ മോഷനില്‍ കയറി വന്ന കണിമംഗലം കോവിലകത്തെ ആറാം തമ്പുരാന്‍, മോഹന്‍ലാലെന്ന അഭിനയപ്രതിഭയിലൂടെ പ്രേക്ഷകര്‍ നെഞ്ചിലേറ്റിയ ഒരു കഥാപാത്രമായിരുന്നു അത്. ഷാജി കൈലാസ് സംവിധാനവും, രഞ്ജിത്ത് രചനയും നിർവഹിച്ച ആക്ഷൻ ഡ്രാമയായ ആറാം തമ്പുരാന്‍ എന്ന സിനിമയിലെ ജഗന്നാഥനായി മോഹൻലാല്‍ നിറഞ്ഞാടി.
ആ വർഷത്തെ ഏറ്റവും വലിയ ഹിറ്റും, മലയാള സിനിമയുടെ ഇൻഡസ്ട്രി ഹിറ്റുമായി ചിത്രം മാറിയിരുന്നു. ആറാം തമ്പുരാനിലെ നായക കഥാപാത്രം കണിമംഗലം ജഗന്നാഥനായി മോഹൻലാല്‍ തകർത്താടുകയായിരുന്നു. ഇന്നും റിപ്പീറ്റ് വാല്യൂവുള്ള ആ സിനിമയ്ക്ക് പ്രേക്ഷകര്‍ ഏറെയാണ്. ആ സിനിമയിലെ ഓരോ സീനും പഞ്ച് ഡയലോഗുകളുമൊക്കെ പ്രേക്ഷകര്‍ മനസ്സില്‍ കുറിച്ചിട്ടതാണ്.
ആ വേഷം ആദ്യം എഴുതിയത് മനോജ് കെ ജയനെ മനസ്സില്‍ കണ്ടായിരുന്നെന്നും ആ കഥാപാത്രമായി മനോജ് കെ. ജയനെയാണ് ആദ്യം പ്ലാന്‍ ചെയ്തിരുന്നതെന്നും പറയുകയാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്ന വാര്‍ത്ത. അതറിഞ്ഞപ്പോള്‍ മുതല്‍ ഇക്കാര്യത്തിലുള്ള മനോജ് കെ. ജയന്‍ വേര്‍ഷന്‍ അറിയാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍.
ഇപ്പോഴിതാ താനിക്കാര്യം അറിയുന്നത് അടുത്തിടെ മണിയന്‍ പിള്ള രാജു പറഞ്ഞപ്പോഴാണെന്ന് പറയുകയാണ് മനോജ് കെ. ജയന്‍. യാദൃച്ഛികമായി സിനിമയുടെ കഥകേട്ട മണിയന്‍പിള്ള രാജുവാണ് മോഹന്‍ലാലിനെ ചിത്രത്തില്‍ നായകനാക്കിയാല്‍ നന്നായിരിക്കുമെന്ന് സംവിധായകനോട് പറഞ്ഞതെന്നും മനോജ് കെ. ജയന്‍ പറയുന്നു.
‘‘ഈയിടെ മണിയന്‍പിള്ള രാജു പറയുമ്പോഴാണ് അറിയുന്നത്. മദ്രാസില്‍വെച്ച് യാദൃച്ഛികമായി കഥാപാത്രത്തേയും സിനിമയേയും കുറിച്ച് അദ്ദേഹം കേട്ടു. ‘അസുരവംശം’ കഴിഞ്ഞ ഇടനേ ഇത് പ്ലാന്‍ ചെയ്യുകയായിരുന്നു. എന്നെവെച്ചുതന്നെ. ബിജു മേനോനും ഉണ്ടെന്ന് തോന്നുന്നു. മണിയന്‍പിള്ള രാജുവിനോട് പറഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു, ‘ഇത് ലാലിനെപ്പോലെ ഒരാള്‍ ചെയ്താല്‍ വേറൊരു ലെവലിലേക്ക് മാറും. നമുക്ക് അങ്ങനെ ഒന്ന് ആലോചിച്ചുകൂടേ എന്ന്’. അപ്പോള്‍ ഷൈജി കൈലാസ് ലാലിന്റെ ഡേറ്റ് കിട്ടുമോ എന്ന് ചോദിച്ചു. അത് താന്‍ അറേഞ്ച് ചെയ്യാമെന്ന് പറഞ്ഞ് മണിയന്‍പിള്ള രാജു സുരേഷ് കുമാറിനെ കാണുകയും അവര്‍ തമ്മില്‍ ചര്‍ച്ച ചെയത് സിനിമ അങ്ങോട്ടുമാറി എന്നുള്ളതാണ് കഥ.
ഇതൊന്നും അറിയാത്ത ഞാന്‍, ഈയിടയ്ക്കാണ് അറിയുന്നത്. അതാണ് ഇതിനകത്തെ ഏറ്റവും വലിയ കോമഡി. മനോജ് കെ. ജയന്‍ ഇതൊക്കെ ചെയ്താല്‍ പൊളിഞ്ഞ് പാളീസായി പോയേനെ എന്നൊക്കെ പലതും പറയുന്നുണ്ട്. ലാലേട്ടനും തിലകന്‍ ചേട്ടനും വേണ്ടിവെച്ച സിനിമയാണ് ‘ചമയം’. മുരളിയേട്ടനും എനിക്കും പകരം അവരായിരുന്നു. അവരുടെ ഡേറ്റ് വിഷയം കാരണം മാറിപ്പോയതാണ്. അങ്ങനെ അവരെ മാറ്റി മുരളിയേയും എന്നേയും വെച്ചു ചെയ്തു. ഞാന്‍ ചെയ്തിരുന്നെങ്കില്‍ എന്റേതായ ചെറിയ സിനിമയായി അതങ്ങ് പോയേനേ....’’ മനോജ് കെ. ജയൻ പറഞ്ഞു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരമിത് പറഞ്ഞത്.