-->
പത്തനംതിട്ട: മഴ അതിശക്തമായി തുടരുന്നതിനിടെ നദികളിൽ പ്രളയ സാധ്യതാ മുന്നറിയിപ്പ് നൽകി കാലാവസ്ഥാ വിഭാഗം. 8 ജില്ലകളില്‍ അലർട്ട് കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. പത്തനംതിട്ട, കോട്ടയം,എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് പ്രഖ്യാപിച്ചിരിക്കുന്നത് .നാളെ ഇടുക്കി, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത അഞ്ചുദിവസം കേരളത്തിൽ അതിശക്തമായ മഴ തുടരുമെന്നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
പത്തനംതിട്ട ജില്ലയിലെ മണിമല നദിയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കോട്ടയം ജില്ലയിലെ മീനച്ചിൽ, കോഴിക്കോട് ജില്ലയിലെ കോരപ്പുഴ, പത്തനംതിട്ട ജില്ലയിലെ അച്ചൻകോവിൽ, വയനാട് ജില്ലയിലെ കബനി എന്നീ നദികളിൽ മഞ്ഞ അലർട്ടും നിലനിൽക്കുന്നു. ഈ നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്.
അപകടകരമായ രീതിയിൽ ജലനിരപ്പ് ഉയരുന്നതിനെ തുടർന്ന് സംസ്ഥാന ജലസേചന വകുപ്പിൻറെ പത്തനംതിട്ട ജില്ലയിലെ മണിമല നദിയിലെ തോണ്ടറ (വള്ളംകുളം) സ്റ്റേഷനിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. കോട്ടയം ജില്ലയിലെ മീനച്ചിൽ നദിയിലെ പേരൂർ സ്റ്റേഷൻ, കോഴിക്കോട് ജില്ലയിലെ കോരപ്പുഴ നദിയിലെ കുന്നമംഗലം, കൊള്ളിക്കൽ എന്നീ സ്റ്റേഷനുകളിലും, പത്തനംതിട്ട ജില്ലയിലെ അച്ചൻകോവിൽ നദിയിലെ കല്ലേലി, കോന്നി ജിഡി എന്നീ സ്റ്റേഷനുകളിലും വയനാട് ജില്ലയിലെ കബനി നദിയിലെ കാക്കവയൽ സ്റ്റേഷനിലുമാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചത്.