-->
മികച്ച അഭിനയത്തിലൂടെ പ്രേക്ഷകഹൃദയം കീഴടക്കിയ പൃഥ്വിരാജ് സുകുമാരന്‍, ആദ്യമായി സംവിധാനം ചെയ്ത ‘ലൂസിഫര്‍’ ബ്ലോക്ക് ബസ്റ്റര്‍ വിജയം നേടിയ ചിത്രമായിരുന്നു. തന്റെ രണ്ടാമത്തെ സംവിധാനത്തിലും താരം നായകനാക്കിയത് മലയാളികളുടെ സ്വന്തം മോഹന്‍ലാലിനെയാണ്. ആക്ഷനും മാസ്സ് ഡയലോഗുകളും കൊണ്ട് തിയേറ്ററുകളില്‍ തരംഗം സൃഷ്ടിച്ച ആദ്യ സിനിമയില്‍ നിന്ന് തികച്ചും വ്യത്യസ്തമായിട്ടാണ് രണ്ടാമത്തെ സിനിമയായ ‘ബ്രോ ഡാഡി’ പൃഥ്വി ഒരുക്കിയത്.
ഫണ്‍ എലമന്റിന് പ്രാധാന്യം നല്‍കി കളര്‍ഫുള്‍ ഫാമിലി എന്റര്‍ടെയ്നറായി താരം ഒരുക്കിയ ചിത്രം ഒടിടി യിലൂടെയാണ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. സംവിധായകനായും നടനയും പൃഥ്വി ഒരുപോലെ തിളങ്ങിയ ചിത്രം കൂടിയായിരുന്നു ഇത്.
ഇപ്പോഴിതാ ആ സിനിമയില്‍ മോഹന്‍ലാലിന് പകരം ആദ്യം തീരുമാനിച്ചത് മമ്മൂട്ടിയെയാണ് എന്ന് പറയുകയാണ് പൃഥ്വിരാജ്. മമ്മൂട്ടി ആ കഥാപാത്രം ചെയ്‌താല്‍ വളരെ ക്യൂട്ട് ആയിരിക്കുമെന്ന് തോന്നിയെന്നും അദ്ദേഹത്തിനും കഥ ഇഷ്ടമായെന്നും പൃഥ്വി പറഞ്ഞു. ബ്രോ ഡാഡി ചെയ്യാൻ മമ്മൂട്ടിയ്ക്ക് സാധിക്കാതിരിക്കുന്ന കാരണവും പൃഥ്വി വ്യക്തമാക്കി.
ഇത് ശരിക്കുമൊരു എക്സ്ക്ലൂസീവാണ്. ‘ബ്രോ ഡാഡി’യിലേക്ക് ആദ്യം തീരുമാനിച്ചത് മമ്മൂക്കയെ ആയിരുന്നു. ഒരു തിരക്കഥ തയ്യാറാക്കുമ്പോള്‍ അത് ഏതെങ്കിലും നടനെ മനസില്‍ കണ്ടുകൊണ്ട് ചെയ്യുന്നതല്ല. പക്ഷെ ഒരു നടൻ മനസില്‍ സ്വഭാവികമായി വന്നു പോകും. ബ്രോ ഡാഡി എന്ന സിനിമയ്ക്ക് വേണ്ടി ഞാൻ ആദ്യം തിരഞ്ഞെടുത്തത് മമ്മൂക്കയെ ആയിരുന്നു. മമ്മൂക്ക തന്നെ ജോൺ കാറ്റാടി എന്ന കഥാപാത്രം ചെയ്യണം എന്നുണ്ടായിരുന്നു എനിക്ക്. ഇപ്പോൾ ബ്രോ ഡാഡിയിൽ ഉള്ള ജോൺ കാറ്റാടി അല്ല അത്. ഒരു കോട്ടയം കുഞ്ഞച്ചൻ വേർഷനിൽ കുറച്ച് റിച്ചായ പ്ലാൻറ്റേഷൻ ഒക്കെയുള്ള കൃഷിക്കാരായ ഒരു കൃസ്ത്യാനി. മമ്മൂക്ക അത്തരം ഒരു പ്രണയം നിറഞ്ഞ ഭർത്താവായി വന്നാൽ വളരെ ക്യൂട്ട് ആയിരിക്കും എന്ന് എനിക്ക് തോന്നി. അങ്ങനെ ആരും ഇതുവരെ മമ്മൂക്കയെ വെച്ച് ചിന്തിച്ചിട്ടുണ്ടെന്ന് തോന്നുന്നില്ല.
അദ്ദേഹത്തിനോട് ഞാൻ ഇക്കാര്യം പറഞ്ഞപ്പോൾ അദ്ദേഹത്തിനും കഥ ഇഷ്ടമായി. പക്ഷെ ഈ സിനിമ പെട്ടന്ന് ചെയ്യാൻ സാധിക്കില്ല കുറച്ച് കഴിഞ്ഞു മതിയോ എന്ന് അദ്ദേഹം ചോദിച്ചു. അദ്ദേഹത്തിന് വേണ്ടി കാത്തിരിക്കാൻ എനിക്ക് പ്രയാസം ഉണ്ടായിരുന്നില്ല. എന്നാൽ കൊവിഡ് സമയമായതിനാൽ 50 പേർ മാത്രം വെച്ച് ചെയ്യാവുന്ന ഒരു സിനിമ എന്ന നിലയില്‍ ഞാന്‍ ആലോചിച്ച ചെറിയ സിനിമയായിരുന്നു ബ്രോ ഡാഡി. ഈ നിയന്ത്രണങ്ങളൊന്നുമില്ലെങ്കില്‍ ഞാന്‍ മമ്മൂക്കയെ വെച്ച് വലിയ സിനിമയെ ആലോചിക്കൂ. ഒരിക്കലും ബ്രോ ഡാഡി പോലൊരു സിനിമ ആയിരിക്കില്ല. ഇത് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു.
പക്ഷെ അദ്ദേഹത്തിന്റെ ബുദ്ധിമുട്ട് എനിക്ക് മനസ്സിലായിരുന്നു. നേരത്തെ തന്നെ മറ്റൊരു ചിത്രം അദ്ദേഹം ചെയ്യാൻ ഏറ്റിരുന്നു. ജോർജ് ഏട്ടനായിരുന്നു ആ സിനിമ നിർമ്മിക്കുന്നത്. അത് നിർത്തി ഇത് ചെയ്യാൻ പറയാൻ എനിക്ക് പറ്റില്ലല്ലോ. അങ്ങനെയാണ് ലാലേട്ടനിലേക്ക് ഞാൻ എത്തുന്നത്. മമ്മൂക്കയോട് ആണ് ഈ കഥ ആദ്യം പറഞ്ഞതെന്ന് ലാലേട്ടന് അറിയാമായിരുന്നു.
മമ്മൂക്ക ജോണ്‍ കാറ്റാടി ആയി വന്നിരുന്നേൽ ആ കഥ നടക്കുന്നത് പാലായിൽ ആയിരിക്കും. കോട്ടയം കുഞ്ഞച്ചനിൽ അദേഹം ചെയ്തതുപോലെ ഉള്ള മധ്യതിരുവിതാംകൂർ ഭാഷയൊക്കെ പറയുന്ന ക്രിസ്ത്യൻ കുടുംബം ആയിരിക്കും ജോണ് കാറ്റാടിയുടേത്. അതെ സമയം പെൺകുട്ടിയുടെ കുടുംബം കൊച്ചി സിറ്റിയിൽ താമസിക്കുന്ന കുടുംബം ആയിരിക്കും. വലിയ വിദ്യാഭ്യാസമില്ലാത്ത ഒരു പ്ലാന്റഷന്‍ കുടുംബം ജീവിതത്തിൽ വരുന്ന സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്നത് മോഡേൺ സൊസൈറ്റിയിൽ താമസിക്കുന്ന പെൺകുട്ടിയുടെ വീട്ടുകാരേക്കാൾ പക്വതയോടെ ആയിരിക്കും. ആ പക്വതയായിരുന്നു ഞാൻ ചിത്രീകരിക്കാൻ ആഗ്രഹിച്ചത്. അതായിരുന്നു ഞാൻ ചെയ്യാനിരുന്ന ബ്രോ ഡാഡി...’’ പൃഥ്വിരാജ് പറഞ്ഞു.