-->
വര്‍ഷങ്ങളായി മലയാള സിനിമയില്‍ സഹനായക വേഷങ്ങളിലും സുഹൃത് വേഷങ്ങളിലുമടക്കം തിളങ്ങി നില്‍ക്കുന്ന താരമാണ് റോണി ഡേവിഡ്. താരത്തിന്റെ അഭിനയിക്കാനുള്ള കഴിവ് കഴിഞ്ഞ കുറെ വര്‍ഷങ്ങളായി പ്രേക്ഷകര്‍ക്ക് അറിയാവുന്നതാണ്. എന്നാല്‍ റോണിയെന്ന തിരക്കഥാകൃത്തിനെ പ്രേക്ഷകര്‍ അറിഞ്ഞത് ‘കണ്ണൂര്‍ സ്ക്വാഡി’ന്റെ വിജയത്തിലൂടെയാണ്.
ഡോക്ടറായ റോണി അഭിനയത്തോടുള്ള ഇഷ്ടം കൊണ്ടാണ് സിനിമയില്‍ എത്തിയത്. ചെറിയ കഥാപാത്രങ്ങള്‍ ചെയ്തു തുടങ്ങിയ താരം ഡോക്ടര്‍ ജോലി ഉപേക്ഷിച്ചിട്ടാണ് സിനിമയിലേക്കെത്തിയത്. സിനിമയ്ക്ക് വേണ്ടി ജോലി ഉപേക്ഷിച്ചപ്പോള്‍ എറണാകുളത്തുള്ള ഒരു കൂട്ടം ആളുകള്‍ തനിക്ക് മുഴുവട്ടാണെന്നാണ് പറയാറുണ്ടെന്ന് റോണി തന്നെ പറഞ്ഞിട്ടുണ്ട്. സിനിമയിലെത്തിയശേഷം നിരവധി തവണ ഒഴിവാക്കപ്പെടല്‍ അടക്കമുള്ള അനുഭവങ്ങള്‍ തനിക്ക് ഉണ്ടായിട്ടുണ്ടെന്ന് റോണി മുന്‍പ് പറഞ്ഞിട്ടുണ്ട്.
ഇപ്പോഴിതാ ട്രാഫിക്ക് സിനിമയെ കുറിച്ചും ഒരു സിനിമയില്‍ നിന്നും താന്‍ ഒഴിവാക്കപ്പെട്ടപ്പോഴുള്ള അനുഭവവും തുറന്നു പറയുകയാണ് റോണി ഡേവിഡ്. ട്രാഫിക്ക് സിനിമയില്‍ അനൂപ് മേനോൻ ചെയ്ത പോലീസ് ഓഫീസറുടെ വേഷം ചെയ്യേണ്ടിയിരുന്നത് താനായിരുന്നുവെന്നും റോണി പറഞ്ഞു.
‘‘എന്റെ പൊട്ടൻഷനില്‍ ഭയങ്കരമായി വിശ്വാസമുണ്ടായിരുന്ന ആളായിരുന്നു സഞ്ജയ് ചേട്ടൻ (തിരക്കഥാകൃത്ത്). ആദ്യം എന്നെ ചേട്ടൻ കാസ്റ്റ് ചെയ്തിരുന്നത് അനൂപേട്ടൻ ചെയ്ത കഥാപാത്രത്തിലേക്ക് ആയിരുന്നു. അന്ന് രാജേഷേട്ടൻ സ്ട്രഗിള്‍ ചെയ്യുന്ന സമയം കൂടിയായിരുന്നു.
ആ സിനിമ ഒന്ന് തട്ടേല്‍ കേറ്റാൻ വേണ്ടി എല്ലാവരും അന്ന് വല്ലാതെ പാടുപെട്ടു. നിർമാതാക്കളില്‍ പലരും പിന്മാറിയിരുന്നു. ഞാൻ തന്നെ കാലിക്കറ്റുള്ള വലിയൊരു കമ്പനിയുമായി ഇതുമായി ബന്ധപ്പെട്ട് സംസാരിച്ച് കാര്യങ്ങള്‍ ഒരു പരിധി വരെ എത്തിച്ചെങ്കിലും അവരും പിന്നീട് മാറി. അങ്ങനെ നിരവധി സംഭവങ്ങള്‍ ആ സിനിമയുമായി ബന്ധപ്പെട്ട് ഉണ്ടായിരുന്നു. രാജേഷേട്ടന്റെ അതിന് മുമ്പ് ചെയ്ത ഹൃദയത്തില്‍ സൂക്ഷിക്കാം സിനിമയൊക്കെ ബോറാണെന്ന് പറഞ്ഞാണ് അവർ പിന്മാറിയത്.
സബ്ജക്‌ട് കേള്‍ക്കാൻ സമയവും സ്ഥലവും വരെ നിശ്ചയിച്ചശേഷമാണ് അവർ പിന്മാറിയത്. ഇത്രയേറെ പ്രശ്നങ്ങളില്‍ നില്‍ക്കുകയല്ലേ... ഇനി ആ വേഷം നിനക്ക് തന്നതിന്റെ പേരില്‍ എന്തെങ്കിലും പ്രശ്നമുണ്ടായലോയെന്ന് രാജേഷേട്ടൻ പറഞ്ഞപ്പോള്‍ ഞാൻ തന്നെയാണ് എന്നാല്‍ വേണ്ടായെന്ന് പറഞ്ഞത്. എന്റെ പൊട്ടൻഷനില്‍ ഒരുപാട് വിശ്വസമുണ്ടായിരുന്നവരായിരുന്നു സഞ്ജയ് ചേട്ടനും ബോബി ചേട്ടനും. അവർക്കൊപ്പം അയാളും ഞാനും തമ്മില്‍, നിർണായകം തുടങ്ങി നിരവധി സിനിമകള്‍ ചെയ്തിട്ടുണ്ട്...’’ റോണി പറയുന്നു.
ശേഷം മലയാളത്തില്‍ ഇറങ്ങിയ ക്രൈം ത്രില്ലർ സിനിമയുടെ ഭാഗമായപ്പോഴുള്ള ദുരനുഭവവും റോണി പങ്കുവെച്ചു. ‘‘അഭിനയിക്കാനുള്ള കൊതിയാണ് എല്ലാത്തിനും കാരണം. ആ സിനിമയിലെ മുഖ്യകഥാപാത്രം, ഞാൻ പറഞ്ഞപ്പോള്‍ അദ്ദേഹം മലയാളത്തിലെ പ്രശസ്തനായ വ്യക്തിയാണ്. സിനിമയുമായി ബന്ധപ്പെട്ട് ഞാൻ പറഞ്ഞ സജഷൻ നല്ലതാണെന്ന് പറഞ്ഞു.
അതിന് വേണ്ടി ബാക്കി എന്തൊക്കെ ചെയ്യണം പരിപാടികള്‍ എങ്ങനെയൊക്കെയാണ് എന്നതെല്ലാം ഞാൻ പറഞ്ഞ് കൊടുത്തു. ആ ഒരു കഥാപാത്രം ചെയ്യുന്ന ഹാംഫുള്‍നെസ് എന്താണ്?, അയാളെ എങ്ങനെ കൊല്ലണം, കൊല്ലുന്ന രീതി എന്താണ് എന്നതെല്ലാം ഞാൻ പറഞ്ഞ് കൊടുത്തു. അപ്പോഴേക്കും പത്ത്, പന്ത്രണ്ട് സീനോളമായി. ആ കഥാപാത്രം ചെയ്തോട്ടെയെന്ന് ഞാൻ ചോദിച്ചപ്പോള്‍ ആ സിനിമയുടെ ആളുകളൊക്കെ ഓക്കെ പറഞ്ഞു. അങ്ങനെ മേക്കപ്പൊക്കെ ചെയ്ത് വഴിയില്‍ കുത്തിയിരുന്നു. ആ കഥാപാത്രത്തിന്റെ സ്വഭാവം അങ്ങനെയാണ്. എന്നാല്‍ ആ കഥാപാത്രം ഞാൻ ചെയ്യുന്നില്ലെന്ന് അറിഞ്ഞപ്പോള്‍ തകർന്ന് പോയി.
ഈ സംഭവവുമായി ബന്ധപ്പെട്ട് സംസാരിക്കവെ ഒരിക്കല്‍ ഷൈൻ ടോം ചാക്കോ എന്നോട് പറഞ്ഞു. തനിക്ക് ഇങ്ങനൊരു മണ്ടത്തരം പറ്റിയല്ലേയെന്ന്. മാത്രമല്ല അന്ന് നടന്ന കഥയുമെല്ലാം പറഞ്ഞ് ഷൈൻ ചിരിക്കുകയാണ്. അതോടെ ഞാൻ ദേഷ്യപ്പെട്ടു. നമ്മള്‍ തമ്മിലുള്ള ബന്ധം വെച്ച് പറയുകയാണ് എനിക്ക് വളരെ വേദനാജനകമായ കഥയാണ് അത്. ഷൈൻ ഈ കാര്യം ഇനി എന്നോട് പറഞ്ഞാല്‍ എന്റെ സ്വഭാവം ഇതായിരിക്കില്ലെന്ന് ഞാൻ പറഞ്ഞു.
അതോടെ ഷൈൻ അവിടെ നിർത്തി. അങ്ങനെയൊക്കയുള്ള ബന്ധം ഞങ്ങള്‍ തമ്മിലുണ്ട്. നിനക്ക് അത് ഹാസ്യമായി തോന്നിയിട്ടുണ്ടാകും എനിക്ക് അത് പക്ഷെ അങ്ങനെയല്ലെന്നും ലൈഫില്‍ ഞാൻ ഒരിക്കലും മറക്കാൻ സാധ്യതയില്ലാത്ത ഒരു എപ്പിസോഡാണ് നീ പറഞ്ഞതെന്നും ഇനി ആവർത്തിക്കരുതെന്നും ഷൈനോട് ഞാൻ പറഞ്ഞു. അന്നുണ്ടായതുപോലുള്ള അനുഭവങ്ങള്‍ എനിക്ക് പിന്നീട് കണ്ണൂർ സ്ക്വാഡ് സിനിമയ്ക്ക് ഗുണകരമായി...’’ റോണി ഡേവിഡ് പറഞ്ഞു.